
ബെർണാഡ് ആർനോൾട്ട് ലോകത്തിലെ അതിസമ്പന്നൻ
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി ഫ്രാൻസിലെ വൻകിട ബിസിനസ് ഗ്രൂപ്പായ എൽ.വി.എച്ച്.എമ്മിന്റെ ചെയർമാനും ചീഫ് എക്സിക്യുട്ടിവ് ഓഫീസറുമായ ബെർണാഡ് ആർനോൾട്ട് മാറി. അമേരിക്കയിലെ വൻ ബിസിനസ് ഗ്രൂപ്പായ ടെസ്‌ലയുടെ ഉടമ ഇലോൺ മസ്ക്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബെർണാഡ് ആർനോൾട്ട് പട്ടികയിൽ ഒന്നാമതെത്തിയത്.
നാണയപ്പെരുപ്പ ഭീഷണി ശക്തമായതോടെ കഴിഞ്ഞ വാരം മസ്‌ക്കിന്റെ ടെസ്ലയുടെ ഓഹരി വിലയിൽ കനത്ത ഇടിവുണ്ടായതാണ് ബെർണാഡ് ആർനോൾട്ടിന് അനുകൂലമായത്.
ലൂയിസ് വിട്യോൻ, ഡിയോർ, ടിഫാനി തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ ഉടമകളായ വി.എച്ച്.എമ്മിന്റെ വില്പന കഴിഞ്ഞ വർഷം വൻ വളർച്ച നേടിയിരുന്നു. നിലവിൽ ബെർണാഡ് ആർനോൾട്ടിന്റെ ആസ്തി 20,760 കോടി ഡോളറാണ്. ഇലോൺ മസ്‌ക്കിന്റെ ആസ്തി 20,470 കോടി ഡോളറായി താഴ്ന്നു. അമേരിക്കയിലെ ടെക്നോളജി കമ്പനികളുടെ ഓഹരി വിലയിലുണ്ടായ തകർച്ച മൂലം മസ്‌ക്കിന്റെ ആസ്തിയിൽ 1800 കോടി ഡോളറിന്റെ ഇടിവുണ്ടായി.