
ദിസ്‌പൂർ: യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ശ്രീനിവാസ് ബി.വിക്കെതിരെ പരാതി നൽകിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അസാം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അങ്കിത ദത്ത ബി.ജെ.പിയിലെക്കെന്ന് റിപ്പോർട്ട്. നൂറോളം അനുയായികളും ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
പാർട്ടിയിൽ കഴിവുള്ള യുവാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. നിരവധി യുവാക്കൾ ബി.ജെ.പിയിൽ ചേരുമെന്നും വ്യക്തമാക്കി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസാമിൽ എത്തിയപ്പോൾ നീതിക്കു വേണ്ടി സംസാരിക്കുമെന്നും രാഹുലിനെ വിഷയം ധരിപ്പിക്കുമെന്നും അങ്കിത പറഞ്ഞിരുന്നു. ശ്രീനിവാസിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്തതിന്റെ പേരിൽ കഴിഞ്ഞ വർഷമാണ് അങ്കിതയെ പാർട്ടി പുറത്താക്കിയത്. ആറു വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽ പുറത്താക്കിയ നടപടി നീതി നിഷേധമാണെന്ന് അങ്കിത പറഞ്ഞിരുന്നു.
ശ്രീനിവാസിനെതിരെ പരാതി നൽകിയതിന് പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ് അസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടപടിയെടുത്തത്.
ശ്രീനിവാസും യൂത്ത് കോൺഗ്രസ് സെക്രട്ടറി വർദ്ധൻ യാദവും തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയാണെന്ന് അവർ ആരോപിച്ചിരുന്നു. അങ്കിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ അസാം പൊലീസ് കേസെടുത്തു.