
പട്‌ന: ഒമ്പത് തവണ ബിഹാര്‍ മുഖ്യമന്ത്രി, അതില്‍ ആറ് തവണ ബിജെപി സഖ്യത്തിന് ഒപ്പവും മൂന്ന് തവണ ആര്‍ജെഡി സഖ്യത്തിന് ഒപ്പവും. രാഷ്ട്രീയത്തിന്റെ ഏത് റൂട്ടിലൂടെ സഞ്ചരിച്ചാലും നിതീഷ് കുമാര്‍ ബിഹാറിന്റെ ഭരണചക്രം തിരിക്കും. അത് അയാളുടെ ശീലമാണ്. 2020ല്‍ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനത്ത് ഇത് മൂന്നാം സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നത്. ആദ്യ രണ്ട് വര്‍ഷം ബിജെപിക്ക് ഒപ്പം സംസ്ഥാനം ഭരിച്ച ശേഷം മഹാസഖ്യത്തിലേക്ക് കാലുമാറി. അവിടെ 18 മാസം തികച്ച് തിരികെ എന്‍ഡിഎ സഖ്യത്തിലേക്ക്.
ഒരിടത്ത് ഉറച്ച് നില്‍ക്കാതെ എന്തിനാണ് ഇപ്പോള്‍ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം മഹാസഖ്യം വിട്ട് വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്ക് പോയത് എന്ന് വ്യക്തമാക്കുകയാണ് നിതീഷ് കുമാര്‍. സംസ്ഥാനത്ത് ഇത്തരത്തിലൊരു രാഷ്ട്രീയ സാഹചര്യം ഉയര്‍ന്നു വന്നത് എല്ലാം ശരിയാകാത്തതിന്റെ പ്രതിഫലനമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം പുറത്തിറങ്ങവേയാണ് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം സംസാരിച്ചത്. പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
'മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, സംസ്ഥാനത്തെ സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എല്ലാം ശരിയാകാത്തത് കൊണ്ടാണ് ഈ അവസ്ഥ വന്നത്. എല്ലാവരുടെ അഭിപ്രായങ്ങളും ഞാന്‍ ചോദിച്ചിരുന്നുവെന്നും ആ അഭിപ്രായങ്ങള്‍ക്ക് താന്‍ ശ്രദ്ധ നല്‍കിയിരുന്നു എന്നും ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം രാജ്ഭവനില്‍ നിന്ന് പുറത്തിറങ്ങിയ നിതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് രാവിലെ ജെഡിയു എംഎല്‍എമാരുടെ യോഗം നടന്നിരുന്നു. യോഗത്തിന് പിന്നാലെ നിതീഷ് കുമാര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് 11 മണിയോടെ രാജി സമര്‍പ്പിക്കുകയായിരുന്നു. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യവുമായുള്ള 18 മാസത്തെ ബന്ധമാണ് ജെഡിയു അവസാനിപ്പിച്ചത്.
243 സീറ്റുകളില്‍ 122 സീറ്റുകളാണ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവില്‍ ബിജെപി- 78, ആര്‍ജെഡി 79, ജെഡിയു 45, കോണ്‍ഗ്രസ്- 19, ഇടത് കക്ഷികള്‍- 16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രന്‍- 1 എന്നിങ്ങനെയാണ് കക്ഷിനില. ജെഡിയു പോകുന്നതോടെ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് കക്ഷികള്‍ക്കും ചേര്‍ത്തുള്ളത് 114 സീറ്റ്. കേവല ഭൂരിപക്ഷത്തില്‍നിന്ന് 8 സീറ്റ് കുറവാണിത്. ബിജെപിയും ജെഡിയും ഒന്നിച്ചതോടെ 123 സീറ്റോടെ കേവല ഭൂരിപക്ഷം കടക്കുകയും ചെയ്തു.