
കരൺ ജോഹറിന്റെ ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ നായകനായി എത്തുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം തന്നെ പ്രചരിച്ചിരുന്നു. ചിത്രത്തിൽ കജോളാണ് പൃഥ്വിരാജിന്റെ നായികയായി എത്തുക എന്നും സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാൻ എത്തുമെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ കരൺ ജോഹറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നിരിക്കുകയാണ്.
ഇതൊരു സിനിമയുടെ പ്രഖ്യാപനമല്ല എന്ന് പറഞ്ഞു കൊണ്ടാണ് കരൺ ജോഹറിന്റെ പോസ്റ്റ് തുടങ്ങുന്നത്. ഗസ്സ് ചെയ്തു തുടങ്ങാം എന്ന ക്യാപ്‌ഷനോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. നവാഗത സംവിധായകന്റെ തീരുമാനമനുസരിച്ച് ഈ ടീം കഴിഞ്ഞ ഒരു വർഷമായി ചിത്രീകരണം നടത്തുന്നുണ്ടായിരുന്നെന്നും അതിലെ ചില കാര്യങ്ങൾ അണിയറ പ്രവർത്തകരിൽ നിന്നുപോലും മറച്ചുവച്ചിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു. ഒപ്പം സിനിമയിലെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള സൂചനകളും കരൺ നൽകുന്നു.
ആദ്യ സൂചന നായകനെ പറ്റിയുള്ളതാണ്. ഇപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ വരുന്ന സൗത്തിൽ നിന്നുള്ള സൂപ്പർ താരം എന്നായിരുന്നു കരൺ പറഞ്ഞത്. നായികയായി എത്തുന്നത് സെല്ലുലോയ്‌ഡിലെ വൈകാരികമായ പ്രകടനത്താൽ നമ്മെ വിസ്‌മയിപ്പിക്കുന്ന പ്രിയനടി ആണെന്നും മൂന്നാമത്തെ സൂചന പാരമ്പര്യമുള്ള നവാഗത നടൻ എന്നുമായിരുന്നു. നായകൻ സൗത്തിൽ നിന്നായതു കൊണ്ട് ധനുഷ്, പ്രഭാസ്, മഹേഷ് ബാബു എന്നിവരുടെ പേരുകൾ ആരാധകർ കമന്റ് ചെയ്തു. എന്നാൽ കൂടുതൽ പേരും പറഞ്ഞത് പൃഥ്വിരാജിന്റെ പേരാണ്. നായികയായി കൂടുതൽ പേരും പറഞ്ഞത് കജോളിനെയായിരുന്നു . നവാഗത നടനായി ഇബ്രാഹിം അലിഖാനെയും ആരാധകർ തിരഞ്ഞെടുത്തു.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ചാണ് ആരാധകരുടെ മറുപടി. ഇതോടെ പൃഥ്വിരാജ് - കജോൾ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നടൻ ബൊമാൻ ഇറാനിയുടെ മകൻ കയോസെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈ നെയിം ഈസ് ഖാന് ശേഷം ആദ്യമായാണ് കജോളും കരണും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും അഭിനയിക്കുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാനിലും ' പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൃഥ്വി വില്ലനായിട്ടാണ് എത്തുന്നതെന്ന സൂചനയും ടീസർ നൽകുന്നുണ്ട്.പൃഥ്വിയുടെ ഇൻട്രോ തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. സിനിമയിൽ പട്ടാളക്കാരായിട്ടാണ് അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും എത്തുന്നത്. ആക്ഷൻ രംഗങ്ങൾ അടങ്ങിയിരിക്കുന്ന ടീസർ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട് മിനിട്ടുകൾക്കുള്ളിൽ തന്നെ വൈറലായിരുന്നു. . അയ്യ, ഔറംഗസേബ്, നാം ഷബന എന്നിവയാണ് പൃഥ്വിരാജ് അഭിനയിച്ച മറ്റ് ബോളിവുഡ് ചിത്രങ്ങൾ. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ സെൽഫി എന്ന ചിത്രത്തിന്റെ സഹനിർമാതാവുമായിരുന്നു പൃഥ്വിരാജ്.