
ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയം,
ഇന്ത്യയുടെ തോൽവി 28 റൺസിന്,
അരങ്ങേറ്രക്കാരൻ ഹാർട്ട് ലീയ്ക്ക് 7 വിക്കറ്റ്
ഹൈദരാബാദ്: ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്താൻ ഒരുക്കിയ സ്പിൻ കെണിയിൽ സ്വയം വീണ് ടീം ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ ഹൈദരാബാദ് വേദിയായ ആദ്യ മത്സരത്തിന്റെ നാലാം ദിനം 28 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. 7 വിക്കറ്റുമായി തിളങ്ങിയ അരങ്ങേറ്റക്കാരൻ സ്പിന്നർ ടോം ഹാർട്ട്ലീയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. ഇംഗ്ലണ്ടുയർത്തിയ 231 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 202 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ 190 റൺസിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറിയുമായി രക്ഷയ്ക്കെത്തിയ ഒല്ലി പോപ്പും (196) ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ജയത്തോടെ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. സ്കോർ: ഇംഗ്ലണ്ട് 246/10, 420/10, ഇന്ത്യ  436/10, 202/10. 
ഇന്നലെ രാവിലെ 316/6 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 420റൺസിന് ഓൾഔട്ടാവുകയായിരുന്നു. ടോം ഹാർട്ട്‌ലി (34), റെഹാൻ അഹമ്മദ് (28) എന്നിവർ വാലറ്റത്ത് ഇംഗ്ലണ്ടിനായി പൊരുതി. മിന്നും ബാറ്റിംഗ് പുറത്തെടുത്ത ഒല്ലി പോപ്പിന് 4 റൺസകലെ ഡബിൾ സെഞ്ച്വറി നഷ്ടമായി. പോപ്പിനെ ക്ലീൻ ബൗൾഡാക്കി ബുംറയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിന് തിരശീലയിട്ടത്. 278 പന്ത് നേരിട്ട പോപ്പിന്റെ ഇന്നിംഗ്സിൽ 24 ഫോറും ഉൾപ്പെടുന്നു. ഇന്ത്യയ്ക്കായി ബുംറ നാലും അശ്വിൻ മൂന്ന് വിക്കറ്റും വീഴ്ത്തി.
യശ്വസി ജയ്‌സ്വാളിനെ (15) പോപ്പിന്റെ കൈയിൽ എത്തിച്ചാണ് ഹാർട്ട്‌ലി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു പന്തിന്റെ ഇടവേളയിൽ ശുഭ്മാൻ ഗില്ലിനേയും (0) പോപ്പിന്റെ കൈയിൽ എത്തിച്ച് ഹാർട്ട് ലീ ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. അധികം വൈകാതെ നന്നായി ബാറ്റ്ചെയ്ത് വരികയായിരുന്ന ക്യാപ്ടൻ രോഹിത് ശർമ്മയെ (38) ഹാർട്ട്ലീ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്ഥാനക്കയറ്റം കിട്ടിയെത്തിയ അക്ഷർ പട്ടേലും (17) ഹാർട്ട് ലീയ്ക്ക് മുന്നിൽ കുടുങ്ങിയതോടെ ഇന്ത്യ 95/4 എന്ന നിലയിലായി. കെ.എൽ രാഹുൽ (22), ശ്രേയസ് അയ്യർ (13), രവീന്ദ്ര ജഡേജ (2) എന്നിവരുംനിരാശപ്പെടുത്തി. ശ്രീകർ ഭരതും (28), ആർ.അശ്വിനും (28) 8-ാം വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതീക്ഷ നൽകിയെങ്കിലും ഭരതിനെ പുറത്താക്കി ഹാർട്ട്ലി കൂട്ടുകെട്ട് തകർത്തു. അവസാന വിക്കറ്റിൽ ജസ്പ്രീത് ബുംറയും (), സിറാജും (12) 25 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഇന്നലത്തെ അവസാന ഓവറിൽ സിറാജിനെ പുറത്താക്കി ഹാർട്ട്‌ലി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു. ഒല്ലി പോപ്പാണ് കളിയിലെതാരം.
ഹാർട്ട്ലി
26.2-5-62-7