bihar-politics

പട്‌ന: ലാലു പ്രസാദിനും മക്കള്‍ക്കും ഒപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയാകണോ അതോ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രി ആകണോ? നിതീഷ് കുമാറിന് മുന്നില്‍ എപ്പോഴും ഉണ്ടാകും ഈ ചോദ്യങ്ങള്‍. തരാതരം പോലെ തന്റെ സൗകര്യം അനുസരിച്ച് അദ്ദേഹം അത് മാറ്റി മാറ്റി തീരുമാനിക്കും. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ അഞ്ച് തവണയാണ് ബിഹാര്‍ ജനത തങ്ങളെ ഭരിക്കാന്‍ ഒരു മന്ത്രിസഭ അധികാരമേല്‍ക്കുന്നത് കാണുന്നത്. എല്ലാ തവണയും മുഖ്യമന്ത്രിയായത് ഒരേ ഒരു നിതീഷ് കുമാറും.

2020ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യു വെറും 45 സീറ്റില്‍ മാത്രം വിജയിച്ച് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി മാത്രമായിരുന്നു. ഒന്നാമതുള്ള ആര്‍ജെഡിക്ക് ഒപ്പവും രണ്ടാമതുള്ള ബിജെപിക്ക് ഒപ്പവും ചേര്‍ന്ന് നീതീഷ് മൂന്ന് തവണയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിലും വലിയ രാഷ്ട്രീയ രാജയോഗം അനുഭവിച്ച ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ എന്നല്ല ലോകചരിത്രത്തില്‍ തന്നെ വേറെ കാണില്ല.

നിതീഷ് കുമാറിന്റെ ചാട്ടങ്ങള്‍ 2014 മുതല്‍ തുടങ്ങിയതാണ്. ആറ് തവണ ബിജെപിക്ക് ഒപ്പം മുഖ്യമന്ത്രിയായി. മൂന്ന് തവണ ആര്‍ജെഡിക്ക് ഒപ്പം സംസ്ഥാനം ഭരിച്ചു. 2014ല്‍ എന്‍ഡിഎയുടെ ഭാഗമായി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഡെജിയുവില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമായതോടെ രാജിവെച്ചു. 2015ല്‍ മഹാഘട്ബന്ധന്‍ രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. ആര്‍ജെഡി, കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തി. എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമായിരുന്നു മഹാസഖ്യത്തിന്റെ ആയുസ്സ്.

2017ല്‍ മഹാസഖ്യം വിട്ട നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സര്‍ക്കാരിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് എന്‍ഡിഎക്ക് ഒപ്പം ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. 2020ല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. യുവ നേതാവ് തേജസ്വി തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചു. 79 സീറ്റുകളുമായി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. എന്നാല്‍ 78 സീറ്റുമായി രണ്ടാമതെത്തിയ ബിജെപി 45 സീറ്റുള്ള ജെഡിയുവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി. അടുത്ത തവണ ഇത് നടപ്പില്ലെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

അന്ന് പല സീറ്റുകളിലും ബിജെപി കാലുവാരി ജെഡിയു സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. നിതീഷിനെ മുഖ്യമന്ത്രിയാക്കി ഒരു തവണ കൂടി പ്രതിഷ്ഠിച്ചപ്പോഴും കൂടുതല്‍ മന്ത്രിമാര്‍ ബിജെപിയില്‍ നിന്നായിരുന്നു. ജെഡിയുവിനെ ബിജെപി വിഴുങ്ങുകയാണെന്ന ആരോപണം ആ മന്ത്രിസഭ ഭരിക്കുമ്പോള്‍ ശക്തമായിക്കൊണ്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം പാര്‍ട്ടിക്ക് നല്‍കിയതിനാല്‍ തന്നെ നിതീഷിന് ബിജെപിയെ പരസ്യമായി എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞതുമില്ല.

പക്ഷേ ആ സഖ്യം അധികം നീണ്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം എന്‍ഡിഎ വിട്ട് ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം മറ്റൊരു മഹാസഖ്യം. ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി നീതീഷ് വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി. അന്ന് മോദിയെ വെല്ലുവിളിച്ചായിരുന്നു ചാട്ടം. കൃത്യം 18 മാസം തികയുമ്പോള്‍ ആ ബന്ധം അവസാനിപ്പിച്ച് വീണ്ടും എന്‍ഡിഎക്ക് ഒപ്പം ചേര്‍ന്ന് 2024ല്‍ നിതീഷ് കുമാര്‍ ഒമ്പതാം തവണ ബിഹാറിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയാണ്.