photo1
f

മാലെ: മാലദ്വീപ് പാർലമെന്റിൽ എം.പിമാരുടെ കൂട്ടത്തല്ലിൽ ഒരു എം.പിയുടെ തല പൊട്ടുകയും നിരവധി എം.പിമാർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ഭരണപക്ഷമായ പ്രോഗ്രസീവ് പാർട്ടി ഒഫ് മാലദ്വീപ് (പി.പി.എം), പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് ( പി.എൻ.സി ) എന്നിവയുടെ അംഗങ്ങൾ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാ​റ്റിക് പാർട്ടി ( എം.ഡി.പി), ദ ഡെമോക്രാ​റ്റ്സ് എന്നിവയുടെ എം.പിമാരുമായാണ് ഏ​റ്റുമുട്ടിയത്.

മുയിസുവിന്റെ 22 അംഗ മന്ത്രിസഭയ്ക്ക് പാർലമെന്റിന്റെ അംഗീകാരം നേടാനുള്ള നിർണായക വോട്ടെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കൈയാങ്കളി. ഇന്നലെ ഉച്ചയ്ക്കാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ മന്ത്രിസഭയിലെ 4 അംഗങ്ങളുടെ അംഗീകാരം തടഞ്ഞുവയ്ക്കാൻ എം.ഡി.പിയും സഖ്യകക്ഷിയായ ദ ഡെമോക്രാ​റ്റ്സും തീരുമാനിച്ചു.

87 അംഗ പാർലമെന്റിൽ രണ്ട് പാർട്ടികൾക്കുമായി 55 സീറ്റുകളുണ്ട്. ഇവർക്കാണ് പാർലമെന്റിന്റെ നിയന്ത്രണം.

ഇതോടെ പി.പി.എം - പി.എൻ.സി അംഗങ്ങൾ പ്രതിപക്ഷ എം.പിമാർ പാർലമെന്റിലേക്ക് പ്രവേശിക്കുന്നത് തടയുകയും നടപടികൾ തടസപ്പെടുത്തുകയും ചെയ്തു. പ്രതിപക്ഷ നീക്കം ജനങ്ങൾക്കുള്ള സേവനങ്ങൾ തടയുന്നതിന് തുല്യമാണെന്ന് പറഞ്ഞ ഇവർ സ്പീക്കർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

വാക്കേറ്റം അക്രമത്തിൽ കലാശിച്ചു. ഇതിനിടെ മൈക്രോഫോണുകൾ ഓഫാക്കി. സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച സ്പീക്കറുടെ ചെവിയിലേക്ക് സംഗീതോപകരണം വായിക്കുന്ന എം.പിമാരുടെ ദൃശ്യങ്ങളും പുറത്തുവന്നു.

അതേസമയം,​ എല്ലാ അംഗങ്ങളും ഭരണഘടനാപരമായി യോഗ്യരാണെന്ന് കാട്ടി പാർലമെന്റിന്റെ മേൽനോട്ട സമിതി ഡിസംബറിൽ മന്ത്രിസഭയ്ക്ക് അംഗീകാരം നൽകിയിരുന്നു. അതിനാൽ മന്ത്രിമാർക്ക് പ്രതിപക്ഷ അംഗീകാരമില്ലാതെ തുടരാൻ അവകാശമുണ്ടെന്ന് മുയിസുവിന്റെ മുഖ്യ ഉപദേഷ്ടാവ് അബ്ദുൾ റഹീം അബ്ദുള്ള പറഞ്ഞു.