australian-open

മെല്‍ബണ്‍: പുതുവര്‍ഷത്തിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തിനായുള്ള കലാശപ്പോര് സാക്ഷ്യം വഹിച്ചത് അസാമാന്യ പോരാട്ടവീര്യത്തിന്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ അടിയറവെച്ചതിന് ശേഷമാണ് റഷ്യക്കാരന്‍ ഡാനില്‍ മെദ്‌വദേവിനെ ഇറ്റലിയുടെ യാനിക് സിന്നര്‍ വീഴ്ത്തിയത്. സ്‌കോര്‍: 3-6, 3-6, 6-4, 6-4, 6-3

സിന്നറുടെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണ് മെല്‍ബണില്‍ നേടിയത്. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ മെദ്വദേവ് രണ്ടാം സെറ്റും 6-3നു തന്നെ സ്വന്തം പേരിലാക്കി. മൂന്നാം സെറ്റും നേടി മെദ്വദേവ് വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും സിന്നര്‍ വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല.

മൂന്നാം സെറ്റില്‍ മെദ്വദേവിന്റെ സര്‍വ് ഭേദിച്ച് മുന്നേറിയ സിന്നര്‍ മത്സരത്തിലേക്ക് മടങ്ങിയെത്തി. 6-4 എന്ന സ്‌കോറിനാണ് താരം സെറ്റ് നേടിയത്. നാലാം സെറ്റും 6-4 ന് സിന്നര്‍ സ്വന്തമാക്കി. ഇതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു.

അഞ്ചാം സെറ്റില്‍ സിന്നറുടെ പോരാട്ടത്തിന് മുന്നില്‍ മെദ്വദേവിനു മറുപടിയില്ലായിരുന്നു. ഇതോടെ 6-3 ന് അഞ്ചാം സെറ്റും കന്നി ഗ്രാന്‍സ്‌ലാം കിരീടവും സിന്നര്‍ സ്വന്തം പേരിലാക്കി.