gunman

□പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ

ആലപ്പുഴ: നവകേരള സദസിനിടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പൊലീസ് കസ്റ്റഡിയിലായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസിനെയും തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സുരക്ഷാഉദ്യോഗസ്ഥനായ സന്ദീപും ഇന്ന് ചോദ്യം ചെയ്യലിന് സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായേക്കും.

അനിലും സന്ദീപുമുൾപ്പെടെയുള്ളവർക്കെതിരെ കോടതി നിർദേശാനുസരണം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് സൗത്ത് പൊലീസ് സ്റ്റേഷനിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ,​ സുരക്ഷാ ഉദ്യോഗസ്ഥർ ഹാജരാകുന്നതിനെപ്പറ്റിയോ കേസിലെ മറ്റ് നടപടികളെപ്പറ്റിയോ യാതൊന്നും വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.

കഴിഞ്ഞമാസം 16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിലായിരുന്നു സംഭവം. ലാത്തിയടിയിൽ തോമസിന്റെ തല പൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തിരുന്നു. സൗത്ത് പൊലീസിൽ ഇരുവരും പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്ന് കോടതി മുഖാന്തിരം ഫയൽ ചെയ്ത കേസിലാണ് സംഭവത്തിന്റെ വീഡിയോ തെളിവുകളും പരിക്കുകളുടെ സ്വഭാവവും ചികിത്സാ രേഖകളും പരിശോധിച്ച കോടതി ഇരുവർക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. കോടതി ഉത്തരവനുസരിച്ച് ആലപ്പുഴ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷികളെ വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തെങ്കിലും പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ തയ്യാറായിരുന്നില്ല. ഐ.പി.സി 294 ബി, 326,324 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. പ്രതികളെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത നടപടിക്കെതിരെ തോമസും അജയ് ജ്യുവലും വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങിയപ്പോഴാണ് പ്രതികളെ വിളിപ്പിക്കാൻ പൊലീസ് കൂട്ടാക്കിയത്.