pic

ടെൽ അവീവ്: പാലസ്തീനിയൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയ്ക്ക് ( യു.എൻ.ആർ.ഡബ്ല്യു.എ - യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി) നൽകിവന്ന ധനസഹായം നിറുത്തിവച്ച പാശ്ചാത്യ രാജ്യങ്ങളുടെ നടപടി പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്. ഗാസയിലടക്കം ദുരിതമുഖത്ത് ജീവിക്കുന്ന മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഏജൻസിയിലെ ഏതാനും ജീവനക്കാർക്ക് ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് യു.എസ്, യു.കെ എന്നിവ അടക്കം ഒമ്പത് രാജ്യങ്ങളാണ് ഇതുവരെ ധനസഹായം താത്കാലികമായി നിറുത്തിയത്. ആരോപണവിധേയരായ ഒമ്പത് ജീവനക്കാരെ ഏജൻസി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് ഗുട്ടറെസ് വ്യക്തമാക്കി.

1949ൽ സ്ഥാപിതമായ ഏജൻസി, ഗാസ, വെസ്​റ്റ് ബാങ്ക്, ജോർദ്ദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ പാലസ്തീനികൾക്കായി ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും മ​റ്റ് മാനുഷിക സഹായങ്ങളും നൽകിവരുന്നു. ഗാസയിൽ യുദ്ധക്കെടുതികൾ നേരിടുന്ന സാധാരണക്കാരിലേക്ക് സഹായങ്ങൾ പ്രധാനമായും എത്തിക്കുന്നതും ഈ ഏജൻസി വഴിയാണ്. ഗാസയിൽ ഏജൻസിക്ക് 13,000ത്തോളം ജീവനക്കാരുണ്ട്. ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിൽ 1,300 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്.

അതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26,400 കടന്നു. ഹമാസിന്റെ പിടിയിലുള്ള 100 ബന്ദികളെ മോചിപ്പിച്ചാൽ ഗാസയിൽ രണ്ട് മാസം താത്കാലിക വെടിനിറുത്തൽ നടപ്പാക്കാൻ ഇസ്രയേൽ തയാറാണെന്നും ഇതിനുള്ള ചർച്ചകൾ നടക്കുന്നതായും ചില യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു.