sinner

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് കിരീടത്തിൽ ഇറ്റാലിയൻ യുവ പ്രതിഭാസം യാനിക്ക് സിന്നറുടെ മുത്തം. റഷ്യൻ സൂപ്പർ താരം ഡാനിൽ മെദ്‌വദേവിനെ അഞ്ച് സെറ്റ് നീണ്ട ത്രില്ലർ ഫൈനലിൽ കീഴടക്കിയാണ് സിന്നർ കരിയറിലെ കന്നി ഗ്രാൻസ്ലാം സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെടുത്തിയ ശേഷമാണ് അടുത്ത മൂന്ന് സെറ്റും സ്വന്തമാക്കി സിന്നർ വിജയശ്രീലാളിതനായത്. സ്കോർ: 3-6,3-6,6-4,6-4,6-3.

സെമിയിൽ നിലവിലെ ചാമ്പ്യനും പത്ത് തവണ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനുമായിട്ടുള്ള ലോക ഒന്നാം നമ്പർതാരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കി ഫൈനലിലെത്തിയ സിന്നറുടെ വിസ്മയക്കുതിപ്പ് കിരീട നേട്ടത്തിൽ ശുഭപര്യവസാനിയായി.

മത്സരം മൂന്ന് മണിക്കൂ‌ർ നാല്പത്തിനാല് മിനിട്ട് നീണ്ടു. ആദ്യ രണ്ട് സെറ്റിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത മെദ്‌വദേവ് 6-3 എന്ന സ്കോറിന് രണ്ട് സെറ്റും സ്വന്തമാക്കുകയായിരുന്നു. എന്നാൽ മൂന്നാം സെറ്റിൽ കളിമാറി. മെദ്‌വദേവിന്റെ സർവ് ഭേദിച്ച് കളിയിലേക്ക് തിരിച്ചുവന്ന സിന്നർ അവസാന മൂന്ന് സെറ്റുകളും സ്വന്തമാക്കി കരീടമുറപ്പിക്കുകയായിരുന്നു.

ശ്രദ്ധിക്കാൻ

2008ൽ നൊവാക്ക് ജോക്കോവിച്ചിന് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 22കാരനായ സിന്നർ

2000ത്തിന് ശേഷം ജനിച്ച പുരുഷ താരങ്ങളിൽ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് സിന്നർ.

മുൻ യു.എസ് ഓപ്പൺ ചാമ്പ്യനായ മെദ്‌വദേവിന് കളിച്ച മൂന്ന് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലുകളിലും തോൽവിയായിരുന്നു വിധി.