
ടെഹ്റാൻ: ഇറാനിൽ ഒമ്പത് പാകിസ്ഥാനി തൊഴിലാളികളെ അജ്ഞാതർ വെടിവച്ചുകൊന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. പാകിസ്ഥാനോട് ചേർന്നുള്ള ഇറാനിലെ തെക്കുകിഴക്കൻ അതിർത്തിയിലാണ് സംഭവം. ശനിയാഴ്ച രാത്രി സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സരാവൻ പട്ടണത്തിലെ ഒരു വീട്ടിലായിരുന്നു സംഭവം. പ്രതികളായ മൂന്ന് പേർക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനിടെയാണ് സംഭവം. പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ജയ്ഷ് അൽ അദ്ൽ ഭീകരകേന്ദ്രങ്ങളിൽ ഈ മാസം ഇറാന്റെ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
പിന്നാലെ, ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകര താവളങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ പത്ത് പേരും കൊല്ലപ്പെട്ടു. സ്ഥിതിഗതികൾ വഷളായതോടെ വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലൂടെ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.