happiness

ന്തിനാണ് ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ പലര്‍ക്കും ജീവിതത്തില്‍ പല ലക്ഷ്യങ്ങളുണ്ടാകാം. അത് ഓരോ മനുഷ്യനിലും വ്യത്യസ്തമായിരിക്കാം. എന്നാല്‍ എന്തൊക്കെ സ്വപ്‌നങ്ങളും ലക്ഷ്യവുമുണ്ടെന്ന് പറഞ്ഞാലും എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നത് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമായിരിക്കും. പണം അല്‍പ്പം കുറഞ്ഞാലും മനസമാധാനമായി ജീവിക്കാന്‍ പറ്റിയാല്‍ മതിയെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്ത മനുഷ്യരുണ്ടാകില്ല.

എന്തുകൊണ്ടാണ് പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ നമുക്കെല്ലാം സന്തോഷവും മനസമാധാനവും നഷ്ടപ്പെട്ടുവെന്ന തോന്നലുണ്ടാകുന്നത്? ഇതില്‍ നിന്ന് ഒരു മുക്തി നേടാന്‍ എന്താണ് മാര്‍ഗം? അനാവശ്യമായ ചിന്തകളും ആഗ്രഹങ്ങളും ആശങ്ക ഉയര്‍ത്തുന്നു. ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍ അത് മാനസിക സമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇതാണ് പ്രധാനമായും മനസമാധാനവും സന്തോഷവും നഷ്ടപ്പെടാനുള്ള കാരണമെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.

അനാവശ്യ ആശങ്ക കാരണം സ്വയം സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതാണ് പ്രധാന പ്രശ്‌നം. ഇവയില്‍ നിന്ന് മനസ്സിനെ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കാനുള്ള വഴികള്‍ അനവധിയാണ്. അവ എന്തെല്ലാമാണെന്ന് നോക്കാം. യോഗ, മെഡിറ്റേഷന്‍, വ്യായാമം എന്നിവ ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കും.യോഗയും ബ്രീത്തിംഗ് എക്‌സര്‍സൈസും ഒപ്പം ശാരീരിക അദ്ധ്വാനമുള്ള വ്യായാമവും ചെയ്യുന്നതിലൂടെ മനസ്സിന് നിയന്ത്രണം കൊണ്ടുവരാന്‍ കഴിയും.

നമുക്ക് ആരോഗ്യപരമായും മാനസികമായും നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രം സ്വീകരിച്ച് അനാവശ്യ കാര്യങ്ങളെ ഒഴിവാക്കാന്‍ കഴിയണം. ഏതൊരു കാര്യം ചെയ്യുന്നതിന് മുമ്പും അതിന്റെ എല്ലാ വശങ്ങളേക്കുറിച്ചും ആലോചിക്കുന്നത് നല്ലതാണ്. ഒരു കാര്യം ചെയ്യുകയോ പറയുകയോ ചെയ്യുമ്പോള്‍ എന്തൊക്കെയാണ് അതുകൊണ്ട് ഉണ്ടാകാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളെന്ന് ആദ്യം സ്വയം വിലയിരുത്തണം. അതിന് ശേഷം മാത്രം മുന്നോട്ട് പോകണം.

ഇഷ്ടമല്ലാത്ത കാര്യങ്ങളെ അഥവാ ദോഷവശങ്ങളുള്ള കാര്യങ്ങളെ അകറ്റി നിര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നത് നിങ്ങളെ സന്തോഷത്തിലെത്തിക്കും. നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ കൂടുതലായി ഉണ്ടായിരിക്കണം. എന്നാല്‍ അമിതമായി അതേക്കുറിച്ച് ചിന്തിക്കുന്നത് മനസ്സിനെ സമാധാനം നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തിക്കും. നമുക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ബുദ്ധിമുട്ടിയാണെങ്കിലും ചെയ്യാനും ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ എളുപ്പമുള്ളതാണെങ്കില്‍പ്പോലും ചെയ്യാതിരിക്കുകയും വേണം.

ചില സാഹചര്യങ്ങളില്‍ വ്യക്തിപരമായി നമുക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍പ്പോലും ചെയ്യേണ്ട സാഹചര്യം ഉണ്ടായെന്ന് വരാം. അപ്പോള്‍ സ്വയം ചോദിച്ച് തൃപ്തികരമെന്ന് തോന്നുന്ന തീരുമാനത്തിന് പിന്നാലെ മാത്രം പോകുക. അതോടൊപ്പം തന്നെ പ്രധാനമാണ് മുന്‍വിധിയില്ലാതെ കാര്യങ്ങളെ സമീപിക്കുകയെന്നത്. നിങ്ങളുടെ വിചാരങ്ങള്‍ പോലെ തന്നെ മറ്റുള്ളവരുടെ ചിന്ത, പെരുമാറ്റം എന്നിവയും മുന്‍വിധിയോടെയല്ലാതെ കാണാന്‍ കഴിയണം.

തെറ്റുകളില്‍ നിന്നും തിരിച്ചടികളില്‍ നിന്നും പാഠം പഠിക്കുകയും തിരുത്തി മുന്നോട്ട് പോകുകയും ചെയ്യുകയെന്നതും പ്രധാനമാണ്. തെറ്റുകളിലും തിരിച്ചടികളിലും നിരാശരാകേണ്ടതില്ല. ലോകത്ത് ഇത് സംഭവിക്കാത്ത മനുഷ്യര്‍ വളരെ കുറവാണ്. തെറ്റുകള്‍ തിരുത്താനുള്ള മനസ്സുണ്ടെങ്കില്‍ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുമെന്നത് തീര്‍ച്ചയാണ്. മാറ്റങ്ങളെ അംഗീകരിക്കാന്‍ കഴിയുകയെന്നത് പ്രധാനമാണ്. നമുക്ക് ചുറ്റുമുള്ള മനുഷ്യരുടേയും വസ്തുക്കളുടേയും മാറ്റം അംഗീകരിക്കണം. അത് മനസ്സിന് സമാധാനം നല്‍കും.

ഔദ്യോഗിക ജീവിതത്തില്‍ എത്ര വലിയ തിരക്കുകളുണ്ടെങ്കിലും അവ മാറ്റിവെച്ച് യാത്രകള്‍ പോകാന്‍ കഴിയണം. പുതിയ സ്ഥലങ്ങളില്‍ പോകുന്നതും പ്രകൃതിയുമായി കൂടുതല്‍ അടുക്കുന്നതും മനസ്സിന് ഉന്‍മേഷവും നവ്യമായ ഒരു അനുഭവവും സമ്മാനിക്കും.