
മോസ്കോ: ശാസ്ത്രലോകത്തിന് നിരവധി സംഭാവനകൾ നൽകിയ ചരിത്രമാണ് റഷ്യയുടേത്. ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായ യൂറി ഗഗാറിൻ മുതൽ കൊവിഡിനെതിരെയുള്ള സ്‌പുട്‌നിക് V വാക്സിനിൽ വരെ ആ ചരിത്രം കാണാം. റഷ്യൻ മണ്ണിൽ പിറവിയെടുത്ത ശാസ്ത്രനേട്ടങ്ങളിൽ ഏറ്റവും ജനപ്രിയമായ രണ്ടെണ്ണമാണ് എകെ - 47ഉം ടെട്രിസും.
1949ലാണ് ലോകത്തെ ഏറ്റവും അപകടകാരിയായ ആയുധമായ ' ദ കലാഷ്നിക്കോവ് അസോൾട്ട് റൈഫിൾ" അഥവാ ' എകെ - 47 " ഔദ്യോഗികമായി സോവിയറ്റ് സായുധസേനയുടെ ഭാഗമായത്. സോവിയറ്റ് മിലിട്ടറി എൻജിനിയറായിരുന്ന മിഖായേൽ കലാഷ്നിക്കോവാണ് എകെ 47 റൈഫിൾ വികസിപ്പിച്ചത്. ഇന്ന് ഏകദേശം 100 ദശലക്ഷത്തിലധികം എകെ 47നുകളാണ് പ്രചാരത്തിലുള്ളത്.
തണുത്തുറഞ്ഞ തുന്ദ്രാ മേഖലകളിലായാലും ഇനി മിഡിൽ ഈസ്റ്റിലെ മണലാരണ്യത്തിലായാലും എകെ 47 റൈഫിളുകൾ പുലർത്തുന്ന ദൃഢതയും വിശ്വാസ്യതയും വിലക്കുറവുമെല്ലാം അവയെ ആഗോള തലത്തിൽ സർവ്വവ്യാപിയാക്കി മാറ്റി. കോളനിവത്കരണത്തിനെതിരായ പോരാട്ടങ്ങളുടെ പ്രതീകമായും എകെ 47 മാറി. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്റെ ദേശീയ പതാകയിൽ പരമാധികാരത്തിനായുള്ള പോരാട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു എകെ 47 റൈഫിളിനെ കാണാം.
റഷ്യൻ കണ്ടുപിടിത്തങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മറ്റൊന്നാണ് ടെട്രിസ് ഗെയിം. ടൈൽ - മാച്ചിംഗ് വീഡിയോ ഗെയിമായ ടെട്രിസ് 1984ൽ റഷ്യൻ സോഫ്റ്റ്‌വെയർ എൻജിനിയറായ അലക്സി പജിറ്റ്‌നോവ് ആണ് വികസിപ്പിച്ചെടുത്തത്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വീഡിയോ ഗെയിമുകളിലൊന്നായ ടെട്രിസ് 65ലേറെ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
ജനപ്രിയ ഗെയിമായ ചെസിലും സോഫ്റ്റ്‌വെയറിലൂടെ റഷ്യ വിപ്ലവം സൃഷ്ടിച്ചു. 1960 കളിൽ ' കൈസ" എന്ന ചെസ് പ്രോഗ്രാം സോവിയറ്റ് യൂണിയൻ വികസിപ്പിച്ചിരുന്നു. 1974ൽ സ്റ്റോക്‌ഹോമിൽ നടന്ന ആദ്യ ലോക കമ്പ്യൂട്ടർ ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചത് കൈസയായിരുന്നു.