
ഇടുക്കി: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എയ്‌ക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ചിന്നക്കനാലിൽ അമ്പത് സെന്റ് പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്ന് കാണിച്ചാണ് റവന്യൂ വകുപ്പിന്റെ നടപടി.
ഹിയറിംഗിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ചിന്നക്കനാലിലെ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർ ഷീബാ ജോർജ് ഉടുമ്പൻചോല തഹസിൽദാർക്ക് നേരത്തെ അനുമതി നൽകിയിരുന്നു. ലാൻഡ് റവന്യൂ തഹസീൽദാറുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയത്.
എം.എൽ.എയുടെ പേരിൽ 'കപ്പിത്താൻസ്" റിസോർട്ട് ഉൾപ്പെടെ ഒരേക്കർ 20 സെന്റ് ഭൂമിയാണ് ആധാരത്തിലുള്ളത്. ഇതിൽ 50 സെന്റ് സർക്കാർ ഭൂമി കൈയേറിയതായി വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ രജിസ്‌ട്രേഷനോ പോക്കുവരവോ സാദ്ധ്യമല്ലെന്നും ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. റിസോർട്ട് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമുള്ള കാര്യം രജിസ്‌ട്രേഷൻ സമയത്ത് മറച്ചു വച്ചു. ഈ കെട്ടിടത്തിന് 18 ലക്ഷം രൂപ മൂല്യമുണ്ട്. സർക്കാരിന് കിട്ടേണ്ട നികുതി നഷ്ടമായെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.