nitish-kumar

രണ്ടു വർഷം മുമ്പ് എവിടെനിന്ന് ഇറങ്ങിവന്നോ അവിടേക്കുതന്നെ തിരികെപ്പോയ നിതീഷ്‌‌കുമാർ രാഷ്‌ട്രീയത്തിൽ സ്ഥിരമായ മിത്രങ്ങളും ശത്രുക്കളുമില്ലെന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനെന്ന് വീണ്ടും തെളിയിച്ചു. എൻ.ഡി.എയിൽ നിന്ന് ഇറങ്ങിവന്നത് മോദിയുടെ നേതൃത്വത്തോടുള്ള അസ്വാസ്ഥ്യവും ബി.ജെ.പിയുടെ വല്ല്യേട്ടൻ മനോഭാവവും കാരണമാണ്. ബീഹാറിൽ തന്റെ പാർട്ടിയെ ബി.ജെ.പി ചുറ്റിവരിഞ്ഞ് ഇല്ലാതാക്കുമെന്നു പേടിച്ചാണ് കോൺഗ്രസ്- ആർ.ജെ.ഡി കക്ഷികളുള്ള മഹാമുന്നണിയിലേക്ക് തിരിച്ചുവന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി പാളയത്തിലേക്ക് മടങ്ങിയ നിതീഷ് കണക്കുകൂട്ടുന്നത് എന്തായിരിക്കും?​

കോൺഗ്രസ്, തൃണമൂൽ, ആംആദ്‌മി, എൻ.സി.പി, ഇടതു പാർട്ടികൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ ഒരു മുന്നണിക്കു കീഴിൽ കൊണ്ടുവരാൻ മുൻകൈയെടുത്ത നേതാവാണ് നിതീഷ്. ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലും ദൗത്യവുമായി നിതീഷ് നേരിട്ടെത്തി. നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഉടുപ്പും തയ്‌പിച്ചു. പാട്‌നയിൽ മുന്നണിയുടെ ആദ്യ യോഗം സംഘടിപ്പിച്ചതും നിതീഷ് തന്നെ. പക്ഷേ 'ഇന്ത്യ'യിൽ അദ്ദേഹം കണക്കുകൂട്ടിയതുപോലെ കാര്യങ്ങൾ നടന്നില്ല. ദളിത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ആശയം മമതയും അരവിന്ദ് കേജ്‌രിവാളും കൊണ്ടുവന്നിട്ടത് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾക്കു മേലാണ്.

'ഇന്ത്യ' യോഗത്തിൽ നിരാശ പരസ്യമാക്കിയ നിതീഷ് പിന്നീടിങ്ങോട്ട് പ്രതിപക്ഷ കക്ഷികളിൽ നിന്ന് അകലുകയും വിള്ളൽ മുതലെടുക്കാൻ കാത്തിരുന്ന ബി.ജെ.പി ചാടിവീഴുകയുമായിരുന്നു. ബംഗളൂരുവിൽ നടന്ന രണ്ടാം യോഗത്തിൽ രാഹുൽ ഗാന്ധി മുന്നണിക്ക് 'ഇന്ത്യ' എന്ന പേരു നിർദ്ദേശിച്ചത് നിതീഷിന് ഇഷ്‌ടപ്പെട്ടിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ പ്രധാനമന്ത്രിക്കസേരയിൽ നോട്ടമിട്ട് ദേശീയ രാഷ്‌ട്രീയത്തിലേക്കൊരു ചാട്ടം അദ്ദേഹം മനസിൽ കണ്ടു. പക്ഷേ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം ഉറപ്പായില്ലെന്നു മാത്രമല്ല, സീറ്റ് പങ്കിടൽ ചർച്ചകളിലെ അടക്കം അനിശ്‌ചിതത്വം മനസു മടുപ്പിച്ചു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു വരെ ബീഹാറിൽ തുടരാനും,​ പിന്നീട് ദേശീയ രാഷ്‌ട്രീയത്തിലേക്ക് ചുവടു വയ്‌ക്കാനുമാണ് ഇപ്പോഴത്തെയും പ്ളാൻ. പ്രധാനമന്ത്രി പദത്തെക്കുറിച്ച് സ്വപ്‌നം കാണാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ജെ.ഡി.യുവിനെ എൻ.ഡി.എയിലെ രണ്ടാമത്തെ വലിയ കക്ഷിയാക്കി,​ അതിന്റെ ആനുകൂല്യത്തിൽ 'അടുത്ത ചാട്ടം' വരെ തുടരാനായിരിക്കും നിതീഷിന്റെ മനസിലിരിപ്പ്. ഒരുപക്ഷേ 'ഇന്ത്യ'യിൽ നിന്നാൽ ലഭിക്കുന്നതിനെക്കാൾ കൂടുതൽ ലോക്‌സഭാ സീറ്റുകൾ എൻ.ഡി.എയുടെ ഭാഗമായാൽ ലഭിക്കുമെന്ന് അദ്ദേഹം കരുതുന്നു.

പക്ഷേ ഇതിനൊപ്പം അദ്ദേഹം പണ്ട് ഭയപ്പെട്ടതുപോലെ ബീഹാറിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ കണ്ടില്ലെന്നു നടിക്കേണ്ടിയും വരും. കാരണം ഇതുവരെ രാഷ്‌ട്രീയ പാളയങ്ങൾ മാറിയപ്പോഴൊക്കെ ബീഹാർ മുഖ്യമന്ത്രിയായി തുടർന്ന് തനിക്കും പാർട്ടിക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന നീക്കങ്ങളാണ് നടത്തിയതെല്ലാം. ബീഹാറിനെ മാറ്റിയ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ശിഷ്യരാണ് ബിഹാർ രാഷ്‌ട്രീയത്തെ നിയന്ത്രിച്ച, പിന്നീട് സ്ഥിരവൈരികളായി മാറിയ നിതീഷും ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും. കേന്ദ്രത്തിലും ഇരുവരും റെയിൽവേ അടക്കം വകുപ്പുകൾ കൈകാര്യം ചെയ്‌തു. കാലിത്തീറ്റ, ഐ.ആർ.ടി.സി.സി ജോലി തട്ടിപ്പ് തുടങ്ങി അഴിമതി ആരോപണങ്ങളിൽ മുങ്ങി ലാലുവിന്റെ രാഷ്‌ട്രീയ പ്രതിച്ഛായയ്‌ക്ക് ഇളക്കം തട്ടിയപ്പോഴും നിതീഷ് വ്യത്യസ്‌തനായി നിലകൊണ്ടു. ലാലു മുഖ്യമന്ത്രിയായപ്പോൾ നടപ്പാക്കാത്ത, ലഭിക്കാത്ത വികസന സൗഭാഗ്യങ്ങൾ നിതീഷിലൂടെ ബിഹാറിന് ലഭിച്ചിട്ടുണ്ട്.

22 വർഷത്തോളം നീണ്ട രാഷ്‌ട്രീയ ജീവിതത്തിനിടെ സർക്കസിലെ ട്രപ്പീസ് കളിക്കാരെ നാണിപ്പിക്കുന്ന ചാട്ടങ്ങളിലൂടെ മുന്നണി മാറുന്ന നിതീഷിന് ജനങ്ങളെ വീണ്ടും അഭിമുഖീകരിക്കാൻ ധൈര്യം നൽകുന്നത് ഈ വികസന നേട്ടങ്ങളാണ്. സംസ്ഥാനത്ത് വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, സ്‌ത്രീ സുരക്ഷ, ക്രമസമാധാനം, അടിസ്ഥാന വികസനം തുടങ്ങിയ മേഖലകളിൽ നിതീഷ് ടച്ച് പ്രകടം. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കിയതും നിതീഷാണ്. ലാലുവിനെപ്പോലെ ആകർഷകമായ പ്രസംഗമല്ലെങ്കിലും വെട്ടിത്തുറന്നു പറച്ചിൽ ആരെയും ആകർഷിക്കും.

ബീഹാറിൽ ഏറെ സ്വാധീനമുള്ള കർഷക സമുദായമായ കുർമി വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവ്. ആയുർവേദ വൈദ്യൻ കരവിരാജ് രാംലഖന്റെയും പരമേശ്വരി ദേവിയുടെയും മകനായി 1951 മാർച്ച് ഒന്നിന് ജനനം. ഇപ്പോൾ പട്‌‌ന എൻ.ഐ.ടി ആയി മാറിയ ബീഹാർ എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്‌ട്രിക്കൽ എൻജിനിയറിംഗ് ബിരുദമെടുത്ത നിതീഷ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.

1970കളിൽ ജെ.പിയുടെ സോഷ്യലിസ്റ്റ് മൂവ്‌മെന്റിൽ ആകൃഷ്‌ടനായി ജനതാപാർട്ടിയിലൂടെ രാഷ്‌ട്രീയത്തിൽ തിളങ്ങി. പിന്നീട് ജോർജ്ജ് ഫെർണാണ്ടസിനൊപ്പം സമതാ പാർട്ടി രൂപീകരിച്ചു. പാർട്ടി ക്ളച്ച് പിടിക്കാതെ വന്നതോടെയാണ് 2003-ൽ ജെ.ഡി.യുവിൽ ലയിച്ചത്. 1985ൽ ഹർനൗത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗവും 1996ൽ ബറിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗവും. 1998ലെ വാജ്‌പേയി സർക്കാരിൽ റെയിൽവേ, ഗതാഗത, കൃഷി വകുപ്പുകളുടെ മന്ത്രിയുമായി. റെയിൽവേയിൽ ഇന്റർനെറ്റ് ടിക്കറ്റ് ബുക്കിംഗും തത്കാലും ഇദ്ദേഹത്തിന്റെ പരിഷ്‌‌കാരം.

2000 മാർച്ചിൽ 3ന് ബി.ജെ.പി പിന്തുണയോടെ ബിഹാറിൽ ആദ്യമായി മുഖ്യമന്ത്രി പദത്തിൽ. എന്നാൽ ഭൂരിപക്ഷമില്ലാതെ ഏഴു ദിവസത്തിനുള്ളിൽ രാജി. 2004ൽ വീണ്ടും ലോക്‌സഭയിൽ. 2005ൽ രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോൾ കാലാവധി തികച്ചു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് 2014ൽ എൻ.ഡി.എ വിട്ടു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് രാജിവച്ച് അടുത്ത അനുയായി ജിതൻ റാം മാഞ്ജിയെ മുഖ്യമന്ത്രിയാക്കി (പിണങ്ങി പാർട്ടി വിട്ട മാഞ്ജിയും ഇപ്പോൾ എൻ.ഡി.എയിലുണ്ട്).

2015ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും മുഖ്യമന്ത്രി പദത്തിൽ. തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്കും കോൺഗ്രസിനും ഒപ്പം മഹാമുന്നണി സർക്കാരിന് നേതൃത്വം. ഉപമുഖ്യമന്ത്രി തേജസ്വിയുടെ അഴിമതിയെ ചൊല്ലി 2017ൽ വീണ്ടും രാജി. പ്രതിപക്ഷമായ എൻ.ഡി.എ പാളയത്തിലേക്കു കാലുമാറി മണിക്കൂറുകൾക്കുള്ളിൽ ആറാംതവണ മുഖ്യമന്ത്രി. 2020തിരഞ്ഞെടുപ്പിൽ എൻ.ഡി.എ പിന്തുണയിൽ ജയിച്ച് മുഖ്യമന്ത്രിക്കസേര നിലനിർത്തി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ബി.ജെ.പിയുമായി പിണങ്ങി വീണ്ടും മഹാമുന്നണിയിലേക്ക്. ആ ബന്ധമാണ് ഇന്നലെ ഇല്ലാതാക്കി,​ വീണ്ടും ബി.ജെ.പിയുമായി കൈകോർത്തത്. ഭാര്യ മഞ്ജുകുമാരി സിൻഹ 2007ൽ മരിച്ചു. ഒരു മകൻ: നിശാന്ത് കുമാർ.