
ബംഗളൂരു: കാവിക്കൊടി അഴിച്ചുമാറ്റിയതിലെ സംഘർഷവുമായി ബന്ധപ്പെട്ട് കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ സുരക്ഷ ശക്തമാക്കി. ബിജെപിയും ജെഡിഎസും ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതിനാൽ വലിയൊരു സംഘം പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ കെരഗോഡു ഗ്രാമത്തിലാണ് സംഘർഷം നിലനിൽക്കുന്നത്.
108 അടി ഉയരമുള്ള കൊടിമരത്തിൽ ഗ്രാമപഞ്ചായത്ത് ബോർഡ് സ്ഥാപിച്ച 'ഹനുമാൻ കൊടി' ജില്ലാഭരണകൂടം ഇന്നലെയാണ് മാറ്റിയത്. ഇത് കടുത്ത പ്രതിഷേധത്തിലേയ്ക്ക് നയിക്കുകയായിരുന്നു. കൊടിമരത്തിൽ ദേശീയ പതാക ഉയർത്താനായിരുന്നു ഗ്രാമപഞ്ചായത്ത് ഒരു സംഘം ആളുകൾക്ക് അനുമതി നൽകിയത്. എന്നാൽ ദേശീയ പതാകയ്ക്ക് പകരം ഹനുമാൻ ചിത്രം ആലേഖനം ചെയ്ത കാവി പതാകയാണ് ഇവർ ഉയർത്തിയത്. തുടർന്ന് ഹനുമാൻ പതാക മാറ്റാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കുകയായിരുന്നു. ജില്ലാ അധികൃതർ എത്തിയാണ് പതാക അഴിച്ചുമാറ്റിയത്. പിന്നാലെ ഗ്രാമവാസികൾ ബന്ദ് പ്രഖ്യാപിക്കുകയായിരുന്നു.
കെരഗോഡു മുതൽ ജില്ലാ കളക്ടറുടെ ഓഫീസ് വരെയാണ് ബിജെപിയും ജെഡിഎസും പ്രതിഷേധ റാലി നടത്തുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുമ്പോഴും പ്രദേശവാസികൾ പലയിടങ്ങളിലായി കൂടുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, ദേശീയ പതാകയ്ക്ക് പകരം ഹനുമാൻ കൊടി ഉയർത്തിയത് ശരിയായ നടപടിയല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ബിജെപി ഗുഢാലോചന നടത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.