alathoor-bar

പാലക്കാട്: ബാറിലുണ്ടായ വെടിവയ്പ്പിൽ മാനേജ‌ർക്ക് ഗുരുതര പരിക്ക്. പാലക്കാട് ആലത്തൂരിലെ കാവശേരിയിലുള്ള ബാറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആറുമാസം മുൻപ് തുറന്ന ബാറിലാണ് അക്രമസംഭവങ്ങളുണ്ടായത്.

ബാറിലെത്തിയ ഒരുസംഘം ആളുകളും മാനേജറുമായുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. ബാറിലെ സർവീസ് മോശമാണെന്ന് പറഞ്ഞായിരുന്നു വാക്കുതർക്കമുണ്ടായത്. തുടർന്നിത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബാറിലെ മാനേജരായ രഘുനന്ദനാണ് വെടിയേറ്റത്. എയർ പിസ്റ്റളാണ് അക്രമികൾ ഉപയോഗിച്ചത്.

പിന്നാലെ ബാറിലെ ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അക്രമം നടത്തിയ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നാലുപേർ കഞ്ചിക്കോട് സ്വദേശികളാണ്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രഘുനന്ദന്റെ നട്ടെല്ലിനാണ് വെടിയേറ്റത്. അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.