
അഹമ്മദാബാദ്: പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ മേൽ ആസിഡ് ഒഴിച്ച സ്ത്രീ പിടിയിൽ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ 40കാരിയാണ് പൊലീസിന്റെ പിടിയിലായത്. 52കാരനായ കാമുകൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.
ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അഹമ്മദാബാദ് മുനിസിപ്പൽ ട്രാൻസ്പോർട്ട് സർവീസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന രാകേഷ് ബ്രഹ്മഭട്ട് എന്നയാൾക്കാണ് പൊള്ളലേറ്റത്. മെഹ്‌സാബിൻ ചുവാര എന്ന സ്ത്രീയും ഇയാളും തമ്മിൽ എട്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം ബ്രഹ്മഭട്ടിന്റെ ഭാര്യ അറിഞ്ഞ് പ്രശ്നമുണ്ടാക്കിയതോടെയാണ് ഇയാൾ ബന്ധത്തിൽ നിന്ന് പിന്മാറിയത്. ഇതിൽ പ്രകോപിതയായാണ് ചുവാര ആസിഡുമായി ബ്രഹ്മഭട്ടിന്റെ ഓഫീസിലെത്തി മുഖത്തൊഴിച്ചത്. മുഖത്തും സ്വകാര്യഭാഗത്തും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
മെഹ്‌സാബിൻ ചുവാരയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും കേസിൽ തുരന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.