
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിമാനത്താവളത്തിൽ ഗുരുതര സുരക്ഷാവീഴ്ച. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് കടുത്ത സുരക്ഷ ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ റൺവേയിലേക്ക് യുവാവ് അതിക്രമിച്ച് കയറി. കഴിഞ്ഞ ദിവസമാണ് വിവരം പുറത്തുവന്നത്. ശനിയാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് മദ്യലഹരിയിൽ ഹരിയാന സ്വദേശിയാണ് റൺവേയിൽ അതിക്രമിച്ച് കയറിയത്.
വിഷയത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സംഭവസമയത്ത് ജോലിയിലുണ്ടായിരുന്ന സിഐഎസ്എഫ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. റൺവേയിൽ കടന്ന യുവാവിനെ എയർഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് ആദ്യം കണ്ടത്. ഇതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളർ (എടിസി) ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി യുവാവിനെ റൺവേയിൽ നിന്നും പിടിച്ചുമാറ്റുകയുമായിരുന്നു. ഇയാളെ ന്യൂഡൽഹി പൊലീസിന് കൈമാറിയിട്ടുണ്ട്.