cpm

തിരുവനന്തപുരം: പാർലമെന്റിൽ കൂടുതൽ സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ, പാർട്ടിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ജനാധിപത്യ, മതേതര പാർട്ടികളുമായി സി.പി.എം തിരഞ്ഞെടുപ്പ് സഖ്യത്തിന് ശ്രമിക്കും. അല്ലാത്ത സംസ്ഥാനങ്ങളിൽ അത്തരം പാർട്ടികൾക്ക് പിന്തുണ നൽകും.

തിരുവനന്തപുരത്ത് ഇന്ന് അവസാനിക്കുന്ന സി.പി.എം ത്രിദിന കേന്ദ്ര കമ്മിറ്റി യോഗം ഇതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കും. ഇക്കാര്യത്തിൽ പാർട്ടിയും ഇടതുപക്ഷവും സ്വീകരിക്കേണ്ട നയ സമീപനങ്ങളെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു ദിവസവും ചർച്ച നടന്നു . ബി.ജെ.പി മുന്നണിയുടെ മൂന്നാമൂഴം തടയുന്നതിന് മതേതര വോട്ടുകൾ ഭിന്നിക്കുന്നത് പരമാവധി ഒഴിവാക്കണം. കൂടുതൽ സഖ്യ സാദ്ധ്യതകളും തേടണമെന്ന ആവശ്യം മഹാരാഷ്ട്ര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ ഉയർത്തി. ബംഗാളും ത്രിപുരയും കേരളവും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായും പ്രാദേശിക പാർട്ടികളുമായും സീറ്റ് ധാരണയുണ്ടാക്കണ നിർദേശത്തിന് ചർച്ചയിൽ മുൻതൂക്കം ലഭിച്ചു.

2004ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ 60 സീറ്റ് നേടി ഒന്നാം മൻമോഹൻ സിംഗ് സർക്കാരിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഇടതുപക്ഷത്തിന് നിലവിൽ 5 അംഗങ്ങൾ മാത്രമാണുള്ളത്.കേരളത്തിൽ നിന്ന് സി.പി.എമ്മിന് ഒരു സീറ്റും, തമിഴ്നാട്ടിൽ നിന്ന് സി.പി.എമ്മിനുംസി.പി.ഐക്കും രണ്ട് സീറ്റ് വീതവുമുണ്ട്.

ഇത്തവണയും തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണിയിൽ നിന്ന് ഇരു പാർട്ടികൾക്കും രണ്ട് സീറ്റ് വീതം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബീഹാറിൽ ചില ശക്തി കേന്ദ്രങ്ങളുളള ഇടതുപക്ഷത്തിന് നിലവിലെ നിയമസഭയിൽ സി.പി.ഐ-എം.എല്ലിന് ഉൾപ്പെടെ 16 അംഗങ്ങളുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഒറ്റയ്ക്ക് മത്സരിക്കുമ്പോൾ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയത്തിലാണ് കലാശിക്കുക.ആന്ധ്ര,തെലങ്കാന,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന പരീക്ഷണങ്ങൾക്കുള്ള സാദ്ധ്യതകൾ കണ്ടെത്തണം.

കേരളം മുഖ്യ

ശ്രദ്ധാകേന്ദ്രം

ഇടതു ഭരണമുണ്ടായിരുന്നിട്ടും,ശബരിമല വിവാദം

കത്തി നിന്നതിനാൽ ഇരുപത് സീറ്റിൽ ആലപ്പുഴയിൽ മാത്രമാണ് കഴിഞ്ഞ തവണ കഷ്ടിച്ച് ജയിക്കാനായത്.ഇത്തവണ പരമാവധി സീറ്റ് നേടുന്നതിന് പ്രചാരണത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും ഉൾപ്പെടെ ആവശ്യമായ തന്ത്രങ്ങൾക്ക് കേന്ദ്ര കമ്മിറ്റി രൂപം നൽകും.