
കൊച്ചി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഓപ്പറേഷൻ ലേബൽ" പരിശോധനയിൽ 41 ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കെതിരെ നടപടി. ആറ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ 100 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. പാഴ്‌സൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് നിർബന്ധമായും ലേബലുകൾ പതിക്കുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശനമാക്കിയിരുന്നു.
കടകളിൽ വില്പന നടത്തുന്ന പാകം ചെയ്ത പാഴ്‌സൽ ഭക്ഷണത്തിനെല്ലാം ലേബൽ പതിക്കണമെന്ന നിയമമുണ്ടെങ്കിലും കടയുടമകൾ പാലിച്ചിരുന്നില്ല. നഗരത്തിൽ നിരവധി ഓൺലൈൻ സംവിധാനങ്ങളും പൊതിച്ചോർ വിതരണ കേന്ദ്രങ്ങളും തട്ടുകടകളും പ്രവർത്തിക്കുന്നതിനാൽ നടപടി ഊർജിതമായി നടന്നുവരുകയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.
നടപടി ഭക്ഷ്യ വിഷബാധ കുറയ്ക്കാൻ
പാഴ്‌സൽ ഭക്ഷണം ഉപയോഗക്കേണ്ട സമയ പരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യവിഷബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയപരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. രണ്ട് മണിക്കൂറിനുള്ളിൽ ഭക്ഷണം ഉപയോഗിക്കണം.
പലരും പാഴ്‌സൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നവരാണ്. ഷവർമ്മ പോലുള്ള ഭക്ഷണം സമയ പരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതൽ അപകടമാണ്. പാക്കറ്റ് ഭക്ഷണങ്ങളിലും ലേബൽ നിർബന്ധമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പാക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാത്ത പാഴ്‌സൽ ഭക്ഷണം വില്പന നടത്തുന്നത് നരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഭക്ഷണ സാധനങ്ങൾ പിടികൂടി
പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 16 കിലോ അൽഫാം, 2 കിലോ ഷവർമ്മ, കൃത്രിമനിറം ചേർത്ത 5 കിലോ മസാല, ലേബൽ വിവരങ്ങൾ രേഖപ്പെടുത്താത്ത 5 പാക്കറ്റ് കുബ്ബൂസ്, കാലാവധി കഴിഞ്ഞ 5 പാക്കറ്റ് പാൽ എന്നിവ പിടികൂടി നശിപ്പിച്ചു.
ആകെ പരിശോധന- 100
പിഴ ഈടാക്കിയത്- 17
അപാകതകൾ പരിഹരിക്കാൻ നോട്ടാസ്- 7
നിയമനടപടിക്ക് ശുപാർശ ചെയ്തത്- 17
ശേഖരിച്ച സാമ്പിളുകൾ- 3