ss

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ- സുകുമാർ ചിത്രം പുഷ്പ 2 റിലീസിന് ഇനി 200 ദിവസങ്ങൾ കൂടി. സമൂഹമാദ്ധ്യമത്തിലൂടെ അണിയറപ്രവർത്തകരാണ് ഈ വിവരം പങ്കുവച്ചത്. ആഗസ്റ്ര് 15ന് സ്വാതന്ത്ര്യദിനത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.

2021ൽ പുറത്തിറങ്ങി സുകുമാർ സംവിധാനം ചെയ്ത വൻവിജയം നേടിയ പുഷ്പ : ദ റൈസ് എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പുഷ്പ :ദ റൂൾ. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. പുഷ്പരാജ് എന്ന ച ന്ദനക്കള്ളക്കടത്തുകാരനായി അല്ലു അർജുൻ നിറഞ്ഞാടിയ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തിരുന്നു . രണ്ടാം ഭാഗത്തിൽ എന്തുസംഭവിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുൻ ചിത്രം എന്ന നിലയിലും ശ്രദ്ധ നേടുന്നു. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന ക്രൂരനായ പൊലീസുകാരനായി ഫഹദ് ഫാസിൽ ഇത്തവണയും ഞെട്ടിക്കുമെന്ന് ഉറപ്പ്. രശ്മിക മന്ദാനയാണ് നായിക. ധനഞ്ജയ്, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം മിറോസ്ളാവ് കുബ ബ്രോസെക് . സംഗീതസംവിധാനം ദേവി ശ്രീ പ്രസാദ്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ ആതിര ദിൽജിത്ത്.