
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇടതുപക്ഷം കൈപ്പിടിയിലാക്കിയ ആലപ്പുഴ ഇക്കുറി ആർക്കൊപ്പം നിൽക്കുമെന്ന ചർച്ച പുരോഗമിക്കവേ, ആരൊക്കൊക്കെയാവും സ്ഥാനാർത്ഥികളെന്ന ഊഹാപോഹങ്ങളും കളം നിറയുകയാണ്. കഴിഞ്ഞ തവണ യു.ഡി.എഫിലെ ഷാനിനോൾ ഉസ്മാനെ പരാജയപ്പെടുത്തി, ചുവപ്പുകോട്ടയെ ഇടത്തേക്കുതന്നെ ചേർത്തുനിറുത്തിയ എ.എം. ആരിഫ് വീണ്ടും സ്ഥാനാർത്ഥിയാവുമോ, ദേശീയ കോൺഗ്രസ് രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ വലംകൈയായി മാറിയ കെ.സി. വേണുഗോപാൽ മൂന്നാമങ്കത്തിന് രംഗത്തിറങ്ങുമോ എന്നതൊക്കെയാണ് ചർച്ചകളിൽ പ്രധാനം. കഴിഞ്ഞ തവണ 1.87 ലക്ഷം വോട്ടുകൾ നേടിയ ബി.ജെ.പി ഇക്കുറി ആരെയാവും പരീക്ഷണത്തിന് ഇറക്കുകയെന്നതും കണ്ടറിയാൻ കാക്കുകയാണ് ആലപ്പുഴ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീശിയടിച്ച വിപരീത തരംഗത്തെ അതിജീവിച്ച് ഇടതുപക്ഷം സ്വന്തമാക്കിയ ഏക സീറ്റായിരുന്നു ആലപ്പുഴ. കനൽ ഒരു തരി മതിയെന്ന ടാഗ്ലൈനോടെ ആരിഫിന്റെ ഒറ്റപ്പെട്ട വിജയം ഇടതുപക്ഷം ആഘോഷമാക്കി. അഞ്ചു വർഷത്തിനിപ്പുറം കനൽ അണഞ്ഞിട്ടില്ലെന്നു തെളിയിച്ച്, വിജയിച്ച ഏക സീറ്റ് നിലനിറുത്തേണ്ട ബാധ്യത ഇടതു മുന്നണിക്കുണ്ട്. ഇത്തവണയും എ.എം.ആരിഫിനു തന്നെയാണ് മുൻതൂക്കം. നവകേരള സദസ്സിന്റെ ജില്ലയിലെ വേദികളിൽ, എം.പിയെന്ന നിലയിൽ ആരിഫ് കൊണ്ടുവന്ന വികസന പദ്ധതികൾ വിശദീകരിക്കുവാൻ മന്ത്രിമാർ സമയം നീക്കിവച്ചത് ആരിഫിന്റെ രണ്ടാം അവസരം ലക്ഷ്യമിട്ടാണെന്ന് സൂചനയുണ്ട്.
കഴിഞ്ഞ തവണ തെക്കൻ മേഖലയിലുണ്ടായിരുന്ന സ്വാധീനക്കുറവ് പരിഹരിക്കാൻ ഇക്കാലയളവിൽ ആരിഫിനു കഴിഞ്ഞിട്ടുണ്ട്. ഒരു ഗ്രൂപ്പിന്റെയും ഭാഗമായി നിൽക്കാത്ത ആരിഫിന് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ മികച്ച ഇമേജ് സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. അതേസമയം, ആരിഫിനെ സ്ഥാനാർത്ഥിയാക്കാതിരിക്കാനുള്ള നീക്കങ്ങളും ഒരു ഭാഗത്ത് സജീവം. കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയെ വീണ്ടു കളത്തിലിറക്കാനുള്ള ചർച്ചകൾക്കു പുറമേ, മുൻ മന്ത്രി ജി. സുധാകരൻ, പാർട്ടി ജില്ലാ സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, ജില്ലാകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ ആർ. രാഹുൽ എന്നിവരുടെ പേരുകൾ അനൗദ്യോഗിക ചർച്ചകളിൽ ഉയരുന്നുണ്ട്. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പേര് ആദ്യഘട്ടത്തിൽ ഉയർന്നിരുന്നെങ്കിലും, അദ്ദേഹത്തിന് പത്തനംതിട്ടയിൽ സാദ്ധ്യത തെളിഞ്ഞതോടെ ആ ചർച്ച മങ്ങി.
ഇരുവട്ടം ആലപ്പുഴക്കാർ വിജയിപ്പിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരാണ് കോൺഗ്രസ് സാദ്ധ്യതാ പട്ടികയിൽ ഒന്നാമത്. കൈവിട്ടു പോയ സീറ്റ് തിരിച്ചുപിടിക്കുകയെന്ന അഭിമാന പോരാട്ടമാണ് കോൺഗ്രസിനു മുന്നിൽ. ദേശീയ നേതൃത്വത്തിലെ സുപ്രധാന ചുമതല വിട്ട് കെ.സി മത്സരിക്കാൻ ഇറങ്ങില്ലെന്ന അഭിപ്രായം ഉയരുന്നുണ്ട്. രാജസ്ഥാനിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വ കാലാവധി ഇനിയും ബാക്കിയാണ്. അതു രാജിവെച്ചാൽ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പോടെ ഇല്ലാതായി.
ഈഴവ ഭൂരിപക്ഷമുള്ള ആലപ്പുഴയിൽ കണ്ണൂർ സീറ്റിലെ സ്ഥാനാർത്ഥിയെക്കൂടി പരിഗണിച്ചാവും അന്തിമ തീരുമാനമെടുക്കുക. കണ്ണൂരിൽ സ്ഥാനാർത്ഥി മുസ്ലീമെങ്കിൽ ആലപ്പുഴയിൽ ഈഴവ സ്ഥാനാർത്ഥിക്ക് അവസരം നൽകിയാവും സാമുദായിക സമവാക്യം പാലിക്കുക. മുൻ എം.പി വി.എം.സുധീരൻ, മുൻ ഡി.സി.സി അദ്ധ്യക്ഷൻ എം. ലിജു, മുൻ എം.എൽ.എ ഡി.സുഗതൻ തുടങ്ങിയ പേരുകൾ സാദ്ധ്യതാ ലിസ്റ്റിലുണ്ട്. കഴിഞ്ഞ തവണ മത്സരത്തിനിറങ്ങിയ ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പേരുകളും കളംനിറഞ്ഞിട്ടുണ്ട്.
ലോക്‌സഭയ്ക്കു പകരം അസംബ്ലി തിരഞ്ഞെടുപ്പിൽ അവസരം വേണമെന്ന് ഷാനിമോൾ താത്പര്യം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടിരിക്കുന്ന സീറ്റ് ആലപ്പുഴയാണ്. അത്തരത്തിൽ പരിഗണിക്കേണ്ടിവന്നാൽ, സംസ്ഥാന അദ്ധ്യക്ഷൻ ആർ. ചന്ദ്രശേഖരന് സാദ്ധ്യത തെളിയും. വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽപ്രഥമ പരിഗണന ചന്ദ്രശേഖരനു ലഭിച്ചേക്കും.
മുൻ തിരഞ്ഞെടുപ്പുകളിൽ അമ്പതിനായിരത്തിൽ താഴെയായിരുന്ന വോട്ട് നില 1.87 ലക്ഷത്തിലേക്ക് ഉയർത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പേരു തന്നെയാണ് ബി.ജി.പി ലിസ്റ്റിൽ ആദ്യം. രാധാകൃഷ്ണന്റെ പ്രകടനം മികച്ചതെന്ന വിലയിരുത്തലാണ് സംസ്ഥാന ഘടകത്തിന്റേത്. ഹിന്ദു വോട്ടുകൾ അനുകൂലമാക്കാനും തീരദേശ വോട്ടുകളും ലക്ഷ്യമിട്ട് ധീവര സമുദായത്തിന്റെ ശക്തനായ സ്ഥാനാർഥിയെയാണ് ബി.ജെ.പി രംഗത്തിറക്കിയത്. കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച നേതാവ് രൺജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷയെ മത്സര രംഗത്തേക്ക് ക്ഷണിച്ചെങ്കിലും അവർ സമ്മതം മൂളിയിട്ടില്ല.
സീറ്റ് ബി.ഡി.ജെ.എസുമായി വച്ചുമാറാനുള്ള സാദ്ധ്യതയും തള്ളികളയാനാവില്ല. വയനാട്ടിൽ ബി.ജെ.പിയെങ്കിൽ ആലപ്പുഴ ബി.ഡി.ജെ.എസിനു ലഭിച്ചേക്കും. അത്തരത്തിൽ സീറ്റ് കൈമാറ്റമുണ്ടായാൽ ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിക്ക് നറുക്കു വീഴും. മാവേലിക്കര നിലവിൽ ബി.ഡി.ജെ.എസിന്റെ മണ്ഡലമായതിനാൽ ഒരു ജില്ലയിൽ രണ്ടു സീറ്റ് നൽകുന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ബി.ഡി.ജെ.എസുമായി ധാരണയായ ശേഷമായിരിക്കും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ചൂടുപിടിക്കുക.
പത്തിൽ ഒൻപത്
എനിക്ക് ഞാൻ പത്തിൽ ഒൻപതു മാർക്ക് നൽകും. പലതിലും ഉടക്കിനിന്ന റെയിൽവേയെ അനുനയിപ്പിച്ച് പദ്ധതികൾ നേടിയെടുക്കാനായി. ആലപ്പുഴ ബൈപ്പാസ് പൂർത്തീകരിച്ചു. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. ടൂറിസം പദ്ധതികൾ പുരോഗമനപാതയിലാണ്.
- എ.എം. ആരിഫ്, എം.പി
സമ്പൂർണ്ണ തോൽവി
സമഗ്രവികസനത്തിൽ എം.പി പൂർണ പരാജയമാണ്. ദീർഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതി പോലുമില്ല. സംസ്ഥാനത്ത് ഇടതു സർക്കാർ അധികാരത്തിലിരിക്കുന്നതിന്റെ സ്വാധീനം പോലും ഉപയോഗിക്കാനായില്ല. വികസനപരമായി മുന്നോട്ടുവയ്ക്കാൻ അജണ്ട പോലും സി.പി.എമ്മിന് ആലപ്പുഴയിലില്ല.
ബി. ബാബുപ്രസാദ്, ഡി.സി.സി പ്രസിഡന്റ്
എട്ടുകാലി മമ്മൂഞ്ഞ്
കേന്ദ്രത്തിന്റേതല്ലാതെ, സ്വന്തം കഴിവുകൊണ്ട് നേടിയെടുത്ത ഒരു വികസനവും ഇവിടെയില്ല. മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമായത്. തീരദേശ പദ്ധതികൾ പോലും നടപ്പിലാക്കാതെ എട്ടുകാലി മമ്മൂഞ്ഞിന്റെ പ്രകടനമാണ് ആരിഫ് നടത്തിയത്.
- എം.വി. ഗോപകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
2019ലെ വോട്ട് നില
എ.എം.ആരിഫ് (സി.പി.എം): 4,45,981
ഷാനിമോൾ ഉസ്മാൻ (കോൺ.): 4,35,496
ഡോ. കെ.എസ്. രാധാകൃഷ്ണൻ (ബി.ജെ.പി): 1,87,729