
കുട്ടികൾ കരുത്തർ, രാജ്യഭാവി ശോഭനം
ന്യൂഡൽഹി: സഹോദരങ്ങളോടു പോലും ഒരു പരിധിക്കപ്പുറമുള്ള താരതമ്യം കുട്ടികളുടെ മാനസികാരോഗ്യത്തെ തകർക്കും. രക്ഷിതാക്കൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ഭാരത് മണ്ഡപത്തിൽ പരീക്ഷ പേ ചർച്ചയുടെ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ വിദ്യാർത്ഥികൾ കൂടുതൽ ക്രിയാത്മകമാണ്. രാജ്യത്തിന്റെ ഭാവി അതുകൊണ്ടുതന്നെ ശോഭനവും. കുട്ടികളിലെ പരീക്ഷാസമ്മർദ്ദം കുറയ്ക്കാൻ രക്ഷാകർത്താക്കളും അദ്ധ്യാപകരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ആത്മബന്ധം ഉണ്ടാവണം. എന്നാലേ എല്ലാ കാര്യങ്ങളും തുറന്നുപറയാൻ കുട്ടികൾ തയ്യാറാകൂ. പരീക്ഷാ സമ്മർദ്ദത്തെ മറികടക്കാൻ മുൻകൂർ തയ്യാറെടുക്കാനും മോദി ഉപദേശിച്ചു.
ജി 20 ഉച്ചകോടിയിൽ ലോകനേതാക്കൾ ഒരുമിച്ചിരുന്ന് ഭാവി ചർച്ച ചെയ്ത സ്ഥലത്താണ് വിദ്യാർത്ഥികൾ എത്തിയിരിക്കുന്നത്. ഈ ചർച്ച ഇന്ത്യയുടെ ഭാവിയെക്കുറിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി. പരിപാടി കുട്ടികളെ ലൈവായി കാണിക്കാൻ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.
2018ലാണ് പരീക്ഷാ പേ ആരംഭിച്ചത്. വാർഷിക പരീക്ഷയ്ക്ക് മുമ്പ് വിദ്യാർത്ഥികൾക്ക് മനക്കരുത്തും അദ്ധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർക്ക് മാർഗ്ഗനിർദ്ദേശവും നൽകുകയാണ് പരീക്ഷാപ്പോരാളികൾ (Exam Warrior) എന്ന പരിപാടിയുടെ ലക്ഷ്യം.
ചർച്ച നയിച്ച്
കോഴിക്കോട്ടെ മേഘ്‌ന
കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി മേഘ്‌ന എൻ. നാഥാണ് ചർച്ച നിയന്ത്രിച്ചത്. ആദ്യമായാണ് ഒരു മലയാളിക്ക് ഇതിന് അവസരം കിട്ടുന്നത്
നാലായിരത്തോളം വിദ്യാർത്ഥികൾ നേരിട്ട് പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത രണ്ട് വിദ്യാർത്ഥികളും ഓരോ അദ്ധ്യാപകരുമെത്തി
2 കോടി 25 ലക്ഷം പേർ ഇക്കൊല്ലം രജിസ്റ്റർ ചെയ്തു. ഇതിൽ 14 ലക്ഷത്തിലധികം പേർ അദ്ധ്യാപകരും അഞ്ച് ലക്ഷത്തിലധികം പേർ മാതാപിതാക്കളുമാണ്