nir

കൊച്ചി: പൊതു തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ വികസനത്തിനൊപ്പം ജനക്ഷേമവും സമന്വയിപ്പിച്ച് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതാകും ധനമന്ത്രി നിർമ്മലാ സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബഡ്‌ജറ്റ്. ഭരണകക്ഷിയായ ബി.ജെ.പിക്ക് ഏറ്റവും അനുകൂലമായ സാഹചര്യത്തിൽ അവതരിപ്പിക്കുന്ന രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ഭരണത്തുടർച്ച കൂടി കണക്കിലെടുക്കുന്ന നിർദേശങ്ങളുണ്ടാകുമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. കാർഷിക, ഗ്രാമീണ. അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് കൂടുതൽ പണം അനുവദിക്കുന്നത് മുതൽ ഇന്ത്യയെ പുതിയ ഉത്പാദന ഹബായി മാറ്റാനുതകുന്ന സമഗ്രമായ നിർദേശങ്ങളുണ്ടാകും.

കർഷക വനിതകളുടെ ക്ഷേമവിഹിതം ഇരട്ടിയാക്കിയേക്കും

പൊതു തിരഞ്ഞെടുപ്പിൽ വനിതകളുടെ വോട്ട് പരമാവധി ഉറപ്പുവരുത്താനായി ഭൂവുടമകളായ കർഷക സ്ത്രീകൾക്കുള്ള ക്ഷേമവിഹിതം നിലവിലുള്ള ആറായിരം രൂപയിൽ നിന്നും 12,000 രൂപയായി ഉയർത്താനുള്ള പ്രഖ്യാപനമാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വനിതാ ശാക്തീകരണത്തിന് ഉൗന്നൽ നൽകുന്ന വിവിധ നിർദേശങ്ങളും ബഡ്ജറ്റിലുണ്ടാകും.

ഭക്ഷ്യ, വളം സബ്സിഡികൾ കൂട്ടിയേക്കും

കാർഷിക, ഗ്രാമീണ മേഖലകളിലെ ഉത്പാദനക്ഷമത ഉയർത്താനും വിപണിയിൽ കൂടുതൽ പണമെത്തിക്കാനും ലക്ഷ്യമിട്ട് ഭക്ഷ്യ, വളം സബ്സിഡികൾ കൂട്ടാനും ബഡ്‌ജറ്റിൽ നിർദേശമുണ്ടായേക്കും. ദാരിദ്ര്യ വിമുക്ത ഇന്ത്യ ലക്ഷ്യമിട്ട് സൗജന്യ ഭക്ഷ്യ, ധാന്യ പദ്ധതി അഞ്ച് വർഷം കൂടി നീട്ടാൻ നേരത്തെ മോഡി സർക്കാർ തീരുമാനിച്ചിരുന്നു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് അധിക തുക

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് നിരവധി പ്രഖ്യാപനങ്ങൾ ഇടക്കാല ബഡ്ജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ച് ലോകത്തിലെ മുൻനിര വിദേശ സർവകലാശാലകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്താൻ നികുതി ഇളവുകൾ അടക്കമുള്ള ആനുകൂല്യങ്ങളും ധനമന്ത്രി മുന്നോട്ടുവെച്ചേക്കും. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയെ ആഗോള സൂപ്പർ പവറാക്കാനാണ് മോഡി സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വായ്പകളുടെ പലിശയ്ക്ക് സബ്സിഡി അനുവദിക്കണമെന്നത് വിദ്യാർത്ഥി സമൂഹത്തിന്റെ ദീർഘകാല ആവശ്യമാണ്.

ഹരിത ഇന്ധനങ്ങൾക്ക് നികുതി ഇളവുകൾ

പ്രകൃതി സൗഹ്യദ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ ഭാഗമായി ഹരിത, സൗരോർജം, കാറ്റാടി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ നിർമ്മാണ മേഖലയ്ക്കുള്ള നികുതി ഇളവുകളും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യക്തിഗത നികുതി നിരക്കുകളിൽ മാറ്റമുണ്ടാകില്ല

പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വ്യക്തിഗത, കോർപ്പറേറ്റ് നികുതി നിരക്കുകളിൽ ഇടക്കാല ബഡ്ജറ്റിൽ മാറ്റം വരുത്താൻ ഇടയില്ലെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇടക്കാല ബഡ്ജറ്റുകളിൽ നികുതി നിരക്കുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണമുണ്ട്.