
മാലെ: ഇന്ത്യാ വിരുദ്ധനും ചൈനാ വാദിയുമായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം. പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ( എം.ഡി.പി ) ഇതിനായി എം.പിമാരുടെ ഒപ്പു ശേഖരണം തുടങ്ങി. സഖ്യകക്ഷികളായ ദ ഡെമോക്രാറ്റ്സിന്റെ പിന്തുണയുമുണ്ട്.
87 അംഗ പാർലമെന്റിൽ രണ്ട് പാർട്ടികൾക്കുമായി 55 സീറ്റുകളുണ്ട്. ഇവർക്കാണ് പാർലമെന്റിന്റെ നിയന്ത്രണം. ഇതിനകം 34 എം.പിമാർ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ അറിയിച്ചെന്നാണ് വിവരം.
ഇന്ത്യാ അനുകൂലിയായ മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ പാർട്ടിയാണ് എം.ഡി.പി. മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് ഇംപീച്ച്മെന്റ് പ്രമേയത്തിന് ആക്കംകൂട്ടുന്നതായി ചില എം.ഡി.പി അംഗങ്ങൾ പറഞ്ഞു.
ഭരണസഖ്യമായ പ്രോഗ്രസീവ് പാർട്ടി ഒഫ് മാലദ്വീപ് (പി.പി.എം), മുയിസുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് ( പി.എൻ.സി ) എന്നിവയിലെ അംഗങ്ങൾ കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രതിപക്ഷ എം.പിമാരുമായി ഏറ്റുമുട്ടിയിരുന്നു. മുയിസു ക്യാബിനറ്റിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നൽകാൻ പ്രതിപക്ഷം വിസമ്മതിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
വീണ്ടും ഇന്ത്യാ വിരുദ്ധ നിലപാട്
വിവാദങ്ങൾക്കിടെ വീണ്ടും ഇന്ത്യാ വിരുദ്ധ നയം പ്രകടിപ്പിച്ച് മുയിസു. കഴിഞ്ഞ ദിവസം തലസ്ഥാനമായ മാലെയിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ഉന്നതതല പ്രതിനിധിക്ക് പകരം വിദേശകാര്യ സഹമന്ത്രിയേയും മാലെ മേയറെയുമാണ് അയച്ചത്. കഴിഞ്ഞ വർഷം, അന്നത്തെ പ്രസിഡന്റായിരുന്ന ഇബ്രാഹിം സോലിഹാണ് പങ്കെടുത്തത്.
കടക്കെണിയിലാക്കാൻ
ചൈന
മുയ്സുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് രാജ്യത്തിന് ദോഷം ചെയ്യുമെന്ന പക്ഷക്കാരാണ് പ്രതിപക്ഷ പാർട്ടികൾ
ചൈനയെ കൂട്ടുപിടിക്കുന്നത് മാലെ ദ്വീപിനെ കടക്കെണിയിലാക്കുമെന്ന് ശ്രീലങ്കയെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പറയുന്നു
മുയ്സു അടുത്തിടെ നടത്തിയ ചൈനാ സന്ദർശനത്തിൽ 550 കോടിയുടെ സാമ്പത്തിക സഹായത്തിന് ധാരണയായിരുന്നു
രാജ്യത്ത് ശേഷിക്കുന്ന 88 ഇന്ത്യൻ പട്ടാളക്കാർ മാർച്ചോടെ രാജ്യം വിടണമെന്ന് അന്ത്യശാസനം നൽകിയിരിക്കയാണ് മുയ്സു
അടുത്ത സുഹൃത്തായിരുന്ന ഇന്ത്യയുമായി നേരത്തേ ഒപ്പിട്ട വിവിധ വികസന ഉടമ്പടികൾ മരവിപ്പിച്ച് പകരം ചൈനയെ കയറ്റാനാണ് ശ്രമം