rahul-jadeja

സർഫ്രാസ്, സൗരഭ്, സുന്ദർ ടീമിൽ

വിശാഖപട്ടണം: പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ബാറ്റർ കെ.എൽ രാഹുലിനേയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയേയും ഒഴിവാക്കി. പകരം വാഷിംഗ്ടൺ സുന്ദർ, മുംബയുടെ സൂപ്പർ ബാറ്റർ സർഫ്രാസ് ഖാൻ, യു.പിയിൽ നിന്നുള്ള ഓൾറൗണ്ടർ സൗരഭ് കുമാർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതായി ബി.സി.സി.ഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ജഡേജയ്ക്ക് ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം പേശിവലിവ് അനുഭവപ്പെട്ടിരുന്നു. ഇത് ഭേദമാകാത്തതിനാലാണ് താരത്തിന് പുറത്തിരിക്കേണ്ടി വരുന്നത്. രാഹുലിന് മസിൽ പെയ്ൻ ആണെന്നാണ് റിപ്പോർട്ട്. രണ്ട് പേരും ബി.സി.സി.ഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. വിരാട് കൊഹ്ലിക്കൊപ്പം ഇന്ത്യ തോറ്റ ആദ്യ ടെസ്റ്റിൽ നല്ല പ്രകടനം കാഴ്ചവച്ച രാഹുലിന്റെയും ജഡേജയുടേയും അഭാവം ആതിഥേയർക്ക് വലിയ തിരിച്ചടിയാണ്.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന സർഫ്രാസിന് ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നു. ഇന്ത്യ എയ്ക്കായി പുറത്തെടുത്ത മികച്ച പ്രകടനമാണ് മുപ്പത് കാരനായ സൗരഭിന് തുണയായത്. നാല് ടെസ്റ്റിന്റെ പരിചയസമ്പത്തുള്ള സുന്ദറാകും ജഡേജയ്ക്ക് പകരം രണ്ടാം ടെസ്റ്റിനിറങ്ങുകയെന്നാണ് വിവരം.

ഫെബ്രുവരി മുതൽ വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.

ഇന്ത്യൻ ടീം: രോഹിത്,ഗിൽ,ജയ്‌സ്വാൾ,ശ്രേയസ്,ഭരത്,ധ്രുവ്,അശ്വിൻ,അക്ഷർ,കുൽദീപ്,സിറാജ്,മുകേഷ്,ബുംറ,ആവേശ്,രജത്,ർഫ്രാസ്,സുന്ദർ,സൗരഭ്.