indian-navy

ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന ബോട്ടിനെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 17 ജീവനക്കാരുമായി സഞ്ചരിച്ച ' ഇമാൻ ' എന്ന ബോട്ടിനെയാണ് തട്ടിയെടുത്തത്.

യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമിത്രയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊച്ചിക്ക് പടിഞ്ഞാറ് 700 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം.

സൊമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉൾക്കടലിലുമായി പട്രോളിംഗിലായിരുന്നു സുമിത്ര. അപായ സന്ദേശം ലഭിച്ചയുടൻ കുതിച്ചെത്തി ഇറാനിയൻ ബോട്ടിനെ തടഞ്ഞു. ബോട്ടിലുള്ളവരെ കടൽക്കൊള്ളക്കാർ ബന്ദികളാക്കിയിരുന്നു. ബോട്ട് വിട്ടുപോകാൻ നേവി അന്ത്യശാസനം നൽകി. അതോടെ 17 പേരെയും സ്വതന്ത്രരാക്കിയ കൊള്ളക്കാർ രക്ഷപ്പെട്ടെന്ന് നേവി വൃത്തങ്ങൾ പറഞ്ഞു. പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷം ഇറാനിയൻ ബോട്ട് യാത്ര തുടർന്നു.

പേർഷ്യൻ ഗൾഫ് കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷമായത് 2008 മുതലാണ്. ഇവിടെ ചരക്കു കപ്പലുകൾക്ക് പ്രധാന ആശ്രയം ഇന്ത്യയാണ്. 12 യുദ്ധക്കപ്പലുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

രക്ഷകരായി ഇന്ത്യ

 ഡിസംബർ 23 - സൗദിയിൽ നിന്ന് വന്ന ലൈബീരിയൻ കപ്പൽ ' എം.വി കെം പ്ലൂട്ടോ'യ്ക്ക് നേരെ ഗുജറാത്ത് തീരത്ത് ഡ്രോൺ ആക്രമണം. 21 ഇന്ത്യക്കാരും ഒരു വിയറ്റ്നാം പൗരനും ജീവനക്കാർ. കോസ്റ്റ് ഗാർഡിന്റെ വിക്രം രക്ഷിച്ചു

 ജനുവരി 5 സൊമാലിയൻ തീരത്ത് ലൈബീരിയൻ ചരക്കു കപ്പൽ 'എം.വി ലില നോർഫോക്കിനെ' റാഞ്ചാൻ ശ്രമം. കപ്പലിൽ 15 ഇന്ത്യക്കാർ അടക്കം 21 ജീവനക്കാർ. ഐ.എൻ.എസ് ചെന്നൈയും മറൈൻ കമാൻഡോകളും ചേർന്ന് രക്ഷിച്ചു

ജനുവരി 18 ഏദൻ ഉൾക്കടലിൽ ഹൂതി ഡ്രോൺ ആക്രമണം നേരിട്ട അമേരിക്കൻ ചരക്കു കപ്പൽ എം.വി ജെൻകോ പിക്കാർഡിയെ ഐ.എൻ.എസ് വിശാഖപട്ടണം രക്ഷിച്ചു. കപ്പലിൽ 9 ഇന്ത്യക്കാരടക്കം 22 പേർ

 ജനുവരി 26 ഏദൻ ഉൾക്കടലിൽ ' മർലിൻ ലുവാണ്ട ' എന്ന ബ്രിട്ടീഷ് എണ്ണ ടാങ്കറിൽ ഹൂതി മിസൈൽ പതിച്ച് തീപിടിത്തം. 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി പൗരനും കപ്പലിൽ. രക്ഷയ്ക്കെത്തിയത് ഐ.എൻ.എസ് വിശാഖപട്ടണം