ayodhya

അയോദ്ധ്യ: ജനുവരി 22ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടത്തിയത്. തൊട്ടടുത്ത ദിവസം മുതല്‍ ഭക്തര്‍ക്കായി ക്ഷേത്ര ദര്‍ശനം അനുവദിക്കുകയും ചെയ്തിരുന്നു. ആദ്യ ദിനം അഞ്ച് ലക്ഷത്തിലധികം ഭക്തര്‍ എത്തിയെന്നാണ് കണക്ക്. ഇപ്പോഴിതാ ഒരാഴ്ച പിന്നിടുമ്പോള്‍ ഇതുവരെ അയോദ്ധ്യയിലെത്തിയവരുടെ കണക്ക് പുറത്തുവന്നിരിക്കുകയാണ്.

ജനുവരി 23 മുതല്‍ 28 വരെയുള്ള തീയതികളിലായി 19 ലക്ഷം ഭക്തര്‍ അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിദിനം ശരാശരി രണ്ട് ലക്ഷം ഭക്തര്‍ അയോദ്ധ്യയില്‍ എത്തുന്നുവെന്നാണ് കണക്കുകള്‍. ആദ്യ ദിവസത്തെ അഞ്ച് ലക്ഷത്തിന് ശേഷമുള്ള കണക്കുകളാണിത്.

ജനത്തിരക്ക് നിയന്ത്രിക്കാനും ഭക്തര്‍ക്ക് സുഗമമായ സന്ദര്‍ശന അനുഭവം ഉറപ്പാക്കാനും പ്രാദേശിക അധികാരികളും ക്ഷേത്ര ട്രസ്റ്റും കഠിന പരിശ്രമത്തിലാണ്. വലിയ ജനക്കൂട്ടത്തിനിടയില്‍ ക്യൂകള്‍ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത്, ദര്‍ശനത്തിനായി പ്രത്യേക സ്ലോട്ടുകള്‍ ക്ഷേത്ര ഭരണസമിതി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ രാവിലെയും വൈകുന്നേരവും 'ആരതി' സമയങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്ര നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമാക്കാന്‍ കഴിയുമെന്നാണ് അധികൃതര് പ്രതീക്ഷിക്കുന്നത്.