f

ന്യൂഡൽഹി : സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി)​ നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. കേന്ദ്രമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. യു.എ.പി.എ നിയമപ്രകാരം നിയമവിരുദ്ധ സംഘടനയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഭീകരവാദത്തോട് സഹിഷ്ണുതയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ച്ചപ്പാടിനെ ശക്തിപ്പെടുത്തിക്കൊണ്ട് യു.എ.പി.എ പ്രകാരം അഞ്ചുവർഷത്തേക്ക് കൂടി സിമിയുടെ നിരോധനം നീട്ടുകയാണെന്ന് അമിത് ഷായുടെ പോസ്റ്റിൽ പറയുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന തരത്തിൽ സംഘടന മതസൗഹാർദ്ദവും സമാധാനവും തകർക്കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

Bolstering PM @narendramodi Ji's vision of zero tolerance against terrorism ‘Students Islamic Movement of India (SIMI)’ has been declared as an 'Unlawful Association' for a further period of five years under the UAPA.
The SIMI has been found involved in fomenting terrorism,…

— गृहमंत्री कार्यालय, HMO India (@HMOIndia) January 29, 2024

2001ൽ സെപ്തംബർ 11 ആക്രമണത്തിന് പിന്നാലെ വാജ്‌പേയി സർക്കാരാണ് സിമിയെ നിരോധിച്ചത്. 2008 ആഗസ്റ്റിൽ സ്പെഷ്യൽ ട്രീബ്യൂണൽ നിരോധനം നീക്കിയെങ്കിലും സുപ്രീംകോടതി നിരോധനം പുനഃസ്ഥാപിക്കുകയായിരുന്നു,​ 2014ലും 2019ലും നിരോധനം നീട്ടിയിരുന്നു.