
വാഷിംഗ്ടൺ: യു.എസിലെ ജോർജിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ യാചകൻ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു. ഒരു ഫുഡ് മാർട്ടിൽ പാർട്ട് ടൈം ജോലി ചെയ്തുകൊണ്ട് എം.ബി.എ പഠനം നടത്തുന്ന ഹരിയാന സ്വദേശി വിവേക് സെയ്നിക്കാണ് ( 25 ) ദാരുണാന്ത്യം. ജനുവരി 16നായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
രാത്രി ഫുഡ് മാർട്ടിനുള്ളിൽ കയറിയിരുന്ന യാചകനോട് പുറത്ത് പോകാൻ വിവേക് ആവശ്യപ്പെട്ടിരുന്നു. യാചകൻ ഇറങ്ങാൻ കൂട്ടാക്കാതെ വന്നപ്പോൾ വിവേക് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. ഇതോടെ പ്രകോപിതനായ യാചകൻ വിവേകിന്റെ മുഖത്തും തലയിലും ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.
അമ്പതോളം തവണ അടിയേറ്റ വിവേക് തത്ക്ഷണം മരിച്ചു. വിവേക് അടക്കമുള്ള ഫുഡ് മാർട്ടിലെ ജീവനക്കാർ യാചകന് പതിവായി ഭക്ഷണം നൽകിയിരുന്നെന്നും പുറത്ത് തണുപ്പുള്ളപ്പോൾ മാർട്ടിനുള്ളിൽ കഴിയാൻ അവസരം നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മയക്കുമരുന്നിന് അടിമയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.