
ടെഹ്റാൻ: വടക്കുകിഴക്കൻ ജോർദ്ദാനിൽ സിറിയൻ അതിർത്തിയോട് ചേർന്നുള്ള യു.എസ് സൈനിക താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ. മൂന്ന് സൈനികരാണ് ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 34 പേർക്ക് പരിക്കേറ്റു.
ഇറാന്റെ പിന്തുണയുള്ള ഇറാക്കിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പ് ഇന്നലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എന്നാൽ ഇവരുടെ നീക്കങ്ങൾ തങ്ങളുടെ നിർദ്ദേശമനുസരിച്ചല്ലെന്നാണ് ഇറാൻ പറയുന്നത്.
അതേ സമയം, ശക്തമായ പ്രത്യാക്രമണം ഉടനുണ്ടാകുമെന്ന് യു.എസ് അറിയിച്ചു. ഗാസ യുദ്ധമാരംഭിച്ച ശേഷം ഇറാക്ക്, സിറിയ, ജോർദ്ദാൻ, യെമൻ എന്നിവിടങ്ങളിലായി 150ലേറെ തവണയാണ് യു.എസ് സൈനികർ ആക്രമിക്കപ്പെട്ടത്. ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേലിന് യു.എസ് നൽകുന്ന പിന്തുണയാണ് ആക്രമണ കാരണം.
സിറിയയിൽ 7 പേരെ
വധിച്ച് ഇസ്രയേൽ
സിറിയയിലെ ഡമാസ്കസിന് തെക്ക് സയ്യീദ സൈനബ് മേഖലയിൽ ഇന്നലെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഇറാൻ റെവലൂഷണറി ഗാർഡിലെ അംഗങ്ങളുണ്ടെന്നാണ് വിവരം.