pp

വാഷിംഗ്ടൺ: ഭൂമിയ്ക്ക് പുറത്തുള്ള ജീവന്റെ സാന്നിദ്ധ്യം തേടി വിവിധ തരത്തിലുള്ള ബഹിരാകാശ ടെലിസ്കോപ്പുകളും മറ്റും നിരീക്ഷണത്തിനായി നിർമ്മിക്കുകയാണ് ശാസ്ത്രലോകം. പക്ഷേ, നിങ്ങൾ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ ഇതുപോലെ നമ്മുടെ ഭൂമിയേയും ഭൂമിയിലെ ജീവജാലങ്ങളെയും പ്രപഞ്ചത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നിന്ന് ആരെങ്കിലും വീക്ഷിക്കുന്നുണ്ടാകുമോ എന്ന്.?! സൂര്യനും ഭൂമിയും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഉൾപ്പെടുന്ന സൗരയൂഥത്തിന് പുറത്തുള്ള എത്ര നക്ഷത്രങ്ങളിൽ നിന്ന് ഭൂമിയെ അവർ നിരീക്ഷിക്കുന്നുണ്ടാകും. ? ചോദ്യങ്ങൾ അനന്തമാണെങ്കിലും അതിനുള്ള ഉത്തരം ശാസ്ത്രജ്ഞരുടെ പക്കലുണ്ട്. സൂര്യനിൽ നിന്ന് 100 പാർസെക് പരിധിയിലുള്ള 1,715 നക്ഷത്രങ്ങൾ ഭൂമിയിലെ ജീവന്റെ സാന്നിദ്ധ്യം നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ അനുയോജ്യമായ സ്ഥാനത്താണത്രെ സ്ഥിതി ചെയ്യുന്നത്. ഏകദേശം 5,000 വർഷങ്ങൾക്ക് മുമ്പുള്ള ഭൂമിയിലെ അവസ്ഥ വരെ കാണാൻ കഴിയുന്ന നക്ഷത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കൂടാതെ, മനുഷ്യനിർമ്മിതമായ റേഡിയോ തരംഗങ്ങൾ ഇതിൽ 75 എണ്ണത്തിൽ എത്തിയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. ഈ നക്ഷത്രങ്ങൾക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ നിരീക്ഷിക്കാൻ സാധിക്കും. നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും മറ്റുമുള്ള ദൂരം സൂചിപ്പിക്കുന്ന അളവാണ് പാർസെക്. 3.26 പ്രകാശവർഷത്തെയാണ് ഒരു പാർസെക് എന്ന് പറയുന്നത്. വരുന്ന 5,000 വർഷത്തിനുള്ളിൽ 319 നക്ഷത്രങ്ങൾ കൂടി ഈ കണക്കിലേക്ക് ഉൾപ്പെടുമെന്ന് ന്യൂയോർക്കിലെ കോർനെൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ മുമ്പ് കണ്ടെത്തിയിരുന്നു.