india

ബ്ലൂംഫോണ്ടെയ്ൻ : അണ്ടർ 19 ലോകകപ്പിൽ സൂപ്പർ സിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായ ഇന്ത്യ ഇന്ന് സൂപ്പർ സിക്സിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസിലൻഡ് സൂപ്പർ‌ സിക്സിലെത്തിയത്. ബ്ലൂംഫോണ്ടെയ്നിലെ മംഗൗഗ് ഓവലിൽ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1.30 മുതലാണ് മത്സരം.

ഗ്രൂപ്പ് എ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് ഉദയ് ശരൺ നയിക്കുന്ന ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ 84 റൺസിന് കീഴടക്കിയ ഇന്ത്യ അടുത്ത മത്സരങ്ങളിൽ അയർലൻഡിനേയും യു.എസ്. എയേയും കീഴടക്കിയത് 201 റൺസിനാണ്. ഗ്രൂപ്പ് ഡിയിൽ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയമാണ് ന്യൂസിലൻഡ് നേടിയത് അവസാന മത്സരത്തിൽ പാകിസ്ഥാനോട് അവർ തോറ്റിരുന്നു. ഇന്ത്യയ്ക്ക് സൂപ്പർ സിക്സിൽ നേപ്പാളിനെതിരെയും മത്സരമുണ്ട്.

സൂപ്പ‌ർസിക്സ്

ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ എ മുതൽ ഡി വരെയുള്ള ഗ്രൂപ്പുകളിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് സൂപ്പർ സിക്സിൽ എത്തിയിരിക്കുന്നത്. സൂപ്പർ സിക്സിൽ ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. ഗ്രൂപ്പുകളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് യോഗ്യത നേടും.

ഗ്രൂപ്പ് എയിലേയും ഡിയിലേയും ടീമുകൾ സൂപ്പർ സിക്സിൽ ഒരുഗ്രൂപ്പിലായിരിക്കും. ബിയും സിയും മറ്റൊരു ഗ്രൂപ്പിൽ. അതേസമയം ഇരു ഗ്രൂപ്പിലേയും ചാമ്പ്യൻമാരും പ്രാഥമിക റൗണ്ടിൽ സ്വന്തം ടീമിൽ ഉണ്ടായിരുന്നവരും പരസ്പരം ഏറ്റുമുട്ടില്ല. അതിനാൽ തന്നെ ഇന്ത്യയും പാകിസ്ഥാനും സൂപ്പ‌ർ സിക്സിൽ ഒരു ഗ്രൂപ്പിൽ ആണെങ്കിലും ഇരുടീമും പരസ്പരം ഏറ്റുമുട്ടില്ല. ഗ്രൂപ്പ് ഡിയിലെ ചാമ്പ്യൻമാരാണ് പാകിസ്ഥാൻ.