pic

ടെൽ അവീവ്: പാലസ്തീനിയൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയ്ക്ക് ( യു.എൻ.ആർ.ഡബ്ല്യു.എ - യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി) നൽകിവന്ന ധനസഹായം താത്കാലികമായി നിറുത്തിവച്ച് ജപ്പാനും ഓസ്ട്രിയയും. ഏജൻസിയിലെ 12 ജീവനക്കാർക്ക് ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി. യു.എസ് അടക്കം ഒമ്പത് രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഏജൻസിക്കുള്ള ധനസഹായം നിറുത്തിയിരുന്നു. നീക്കം ഗാസയിലെ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുമെന്നാണ് ആശങ്ക. നിലവിൽ ഭക്ഷണവും മരുന്നുമടക്കമുള്ള മാനുഷിക സഹായങ്ങൾ ഗാസയിലെത്തിക്കുന്നത് ഈ ഏജൻസിയുടെ നേതൃത്വത്തിലാണ്. ധനസഹായം പുനഃസ്ഥാപിച്ചില്ലെങ്കിൽ മാർച്ച് മുതൽ ഏജൻസിക്ക് പ്രവർത്തിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചു.