india-bloc

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന്റെ 'ഇന്ത്യ' മുന്നണിയുടെ തലതൊട്ടപ്പനാകുന്നു, മമതയും രാഹുലും കെജ്രിവാളും ചേര്‍ന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നു, മോദിയെ വിറപ്പിച്ച് രാജ്യത്തുടനീളം താരമാകുന്നു. ഈ സ്വപ്നങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് ഒറ്റ വീഡിയോ കോളില്‍ നിതീഷ് കുമാറിന് പിടികിട്ടി. ഉടനെ പ്ലാന്‍ ബി നടപ്പിലാക്കിയ നിതീഷ് യാതൊരു ബുദ്ധിമുട്ടോ മടിയോ ഇല്ലാതെ എന്‍ഡിഎയിലേക്ക് മടങ്ങിപ്പോകുന്നു. ഇതാണ് ഏറ്റവും ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ നിതീഷിന്റെ ഇന്ത്യ ടു എന്‍ഡിഎ പദ്ധതിയില്‍ നടന്നത്.

താന്‍ വിചാരിച്ചത് പോലെയല്ല കാര്യങ്ങളുടെ പോക്കെന്ന് മനസ്സിലായപ്പോഴാണ് പഴയ തട്ടകത്തിലേക്ക് മടങ്ങാന്‍ നിതീഷ് തീരുമാനിച്ചത്. ജനുവരി 13ന് തന്നെ നിതീഷ് ഈ തീരുമാനം കൈക്കൊണ്ടിരുന്നു. 'ഇന്ത്യ' മുന്നണിയിലെ പ്രധാന നേതാക്കള്‍ അന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ണായകമായ ഒരു യോഗം ചേര്‍ന്നത്. മുന്നണിയുടെ കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച നിതീഷിനെ ഞെട്ടിച്ച് ഇക്കാര്യത്തില്‍ മമതയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

മുന്നണി കണ്‍വീനര്‍ സ്ഥാനം നിതീഷിന് വെച്ച്‌നീട്ടിയെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച തന്നെ കണ്‍വീനറാകാന്‍ കിട്ടില്ലെന്ന് നിതീഷ് തീരുമാനിച്ചു. ലാലു പ്രസാദ് യാദവിന് കണ്‍വീനര്‍ പദവി നല്‍കിക്കോളൂ എന്നാണ് അസ്വസ്ഥനായ നിതീഷ് പറഞ്ഞത്. കോണ്‍ഫറന്‍സ് അവസാനിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തന്നെ കോള്‍ കട്ട് ചെയ്ത് അദ്ദേഹം രാഹുല്‍ ഗാന്ധിയോടുള്ള അരിശം പ്രകടിപ്പിച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പദവിയും നിതീഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നേരത്തെ ചേര്‍ന്ന യോഗത്തില്‍ ആ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് മമതാ ബാനര്‍ജി നിര്‍ദേശിക്കുകയും അരവിന്ദ് കെജ്രിവാള്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ആ തീരുമാനത്തില്‍ തന്നെ അരിശം പൂണ്ട നിതീഷ് കോര്‍ഡിനേറ്റര്‍ സ്ഥാനമെങ്കിലും തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

2024ല്‍ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് പറഞ്ഞാണ് 2022ല്‍ എന്‍ഡിഎ സഖ്യം നിതീഷ് അവസാനിപ്പിച്ചത്. ഒരുപാട് പ്രതീക്ഷകളോടെയാണ് താന്‍ മുന്നണിയുടെ ഭാഗമായതെന്നും എന്നാല്‍ കാര്യങ്ങളൊന്നും ആശാവഹമല്ലാതിരുന്നതിനാലാണ് മുന്നണി ബന്ധം അവസാനിപ്പിക്കുന്നതെന്നും നിതീഷ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ച ശേഷം പറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഒമ്പതാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേറ്റത്.