crime

തിരുവനന്തപുരം: പോത്തന്‍കോട് കല്ലൂരില്‍ ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് വെട്ടി. പോത്തന്‍കോട് കല്ലൂര്‍ കുന്നുകാട് കാവുവിളാകത്ത് വീട്ടില്‍ സുധ (49) യുടെ മൂക്കാണ് ഭര്‍ത്താവ് അനില്‍കുമാര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.

സംഭവത്തിന് ശേഷം പോത്തന്‍കോട് പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ഇന്നലെ രാത്രി പത്തേമുക്കാലോടെ ആയിരുന്നു സംഭവം.

അനില്‍കുമാറും സുധയും തമ്മില്‍ കുറച്ചു കാലങ്ങളായി പിണക്കത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീടിനടുത്തുള്ള ബന്ധുവിന്റെ മരണ വീട്ടില്‍ പങ്കെടുക്കാന്‍ സുധ പോകുന്നത് അറിഞ്ഞ അനില്‍ കുമാര്‍ സമീപത്തെ ഇടവഴിയില്‍ വെച്ച് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് സുധയുടെ മുഖത്ത് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് സുധയുടെ മൂക്കിന്റെ ഭാഗം തൂങ്ങി മാറി. മൂക്കിന് 12 തുന്നിക്കെട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി താമസിക്കുന്ന സുധ വീട്ടുജോലി ചെയ്താണ് മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം ജീവിക്കുന്നത്. കഴുത്തിന് നേരെ വെട്ടിയത് ഒഴിഞ്ഞ് മാറിയപ്പോഴാണ് സുധയുടെ മൂക്കിന് വെട്ടേറ്റത്.

സുധയുടെ കൈ വിരലിനും പരിക്കുണ്ട്. പരിക്കേറ്റ സുധ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതിയ്‌ക്കെതിരെ വധ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.