pic

ബാങ്കോക്ക്: തായ്‌ലൻഡിലെ പട്ടായയിൽ 29 നില അപ്പാർട്ട്‌മെന്റ് സമുച്ഛയത്തിൽ നിന്ന് ചാടി സാഹസിക പ്രകടനം നടത്തിയ 33 കാരന് ദാരുണാന്ത്യം. അറിയപ്പെടുന്ന ബ്രിട്ടീഷ് ബേസ് ജമ്പർ ആയ നാഥി ഓഡിൻസൺ ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ഓഡിൻസണിന്റെ പാരഷൂട്ട് തുറക്കാനാകാതെ വന്നതാണ് അപകടത്തിലേക്ക് നയിച്ചത്. കേംബ്രിജ്‌ഷെയറിലെ ഹണ്ടിംഗ്ഡൺ സ്വദേശിയാണ്.

ശനിയാഴ്ചയായിരുന്നു അപകടം. അപ്പാർട്ട്‌മെന്റിന് മുകളിലേക്ക് ഇദ്ദേഹം അനധികൃതമായാണ് കടന്നത്. ഓഡിൻസണിന്റെ പ്രകടനം വീഡിയോയിൽ പകർത്താൻ കെട്ടിടത്തിന് താഴെ സുഹൃത്തുമുണ്ടായിരുന്നു. താഴേക്ക് പതിച്ച ഓഡിൻസൺ മരത്തിൽ ഇടിച്ച് നിലത്ത് വീഴുകയായിരുന്നു. പട്ടായയിലെ പൊലീസ് രാത്രി 7.30ന് അപകട സ്ഥലത്തെത്തുമ്പോൾ ഓഡിൻസണിന്റെ മൃതദേഹം നിലത്ത് രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഓഡിസണിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. ഓഡിൻസൺ ഇതിന് മുമ്പും ഇവിടെ നിന്ന് ചാടിയിട്ടുണ്ടെന്നാണ് വിവരം.


പരിചയസമ്പന്നനായ ബേസ് ജംപറായ ഓഡിൻസൺ തന്റെ സാഹസിക പ്രകടനങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്​റ്റ് ചെയ്തിട്ടുണ്ട്. അത്യന്തം അപകടകരമായ ബേസ് ജംപിംഗ് അടിസ്ഥാനപരമായി സ്കൈ ഡൈവിംഗ് ആണ്. എന്നാൽ, സ്കൈ ഡൈവിംഗിലേത് പോലെ ഇതിൽ വിമാനം ഉപയോഗിക്കുന്നില്ല. പകരം കെട്ടിടങ്ങൾ, പർവതങ്ങൾ, പാലങ്ങൾ തുടങ്ങിയവയിൽ നിന്ന് ചാടുകയും താഴെ സുരക്ഷിതമായി ഇറങ്ങാൻ പാരഷൂട്ട് ഉപയോഗിക്കുകയും ചെയ്യുന്നു. ബിൽഡിംഗ്സ്, ആന്റിനാസ്, സ്പാൻസ്, എർത്ത് - എന്നതാണ് ബേസിന്റെ പൂർണരൂപം ( BASE ).

ബേസ് ജംപിംഗ് കഴിഞ്ഞ 20 വർഷത്തിനിടെ 400ലേറെ പേരുടെ ജീവൻ കവർന്നെന്നാണ് കണക്ക്. കഴിഞ്ഞ ജൂണിൽ,​ ഇറ്റലിയിൽ ബേസ് ജംപിംഗിനിടെ 1,312 അടി ഉയരത്തിലുള്ള പർവതത്തിൽ നിന്ന് താഴേക്ക് വീണ ബ്രിട്ടീഷ് സാഹസികൻ കൊല്ലപ്പെട്ടിരുന്നു. കൃത്യ സമയത്ത് പാരഷൂട്ട് തുറക്കാൻ സാധിക്കാതെ വന്നതാണ് അപകടത്തിലേക്ക് നയിച്ചത്.