
ഇടുക്കി: ശാന്തൻപാറയിലെ ഏരിയ കമ്മിറ്റി ഓഫീസിന്റെ അനധികൃത സംരക്ഷണ ഭിത്തി സി പി എം പ്രവർത്തകർ തന്നെ പൊളിച്ചുനീക്കി. ഓഫീസിന്റെ പന്ത്രണ്ട് ചതുരശ്രമീറ്റർ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുകയാണെന്നും റവന്യൂവകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെയാണ് നടപടി.
ഗാർഹികേതര നിർമാണമായതിനാൽ റവന്യൂവകുപ്പ് ഇതിന് എൻ ഒ സി നൽകിയിരുന്നില്ല. റോഡ് പുറമ്പോക്ക് ഭൂമി കയ്യേറി ഭിത്തി നിർമിച്ചതിനാലായിരുന്നു എൻ ഒ സി നൽകാതിരുന്നത്. ഇതിനുപിന്നാലെയാണ് പാർട്ടി പ്രവർത്തകർ സംരക്ഷണ ഭിത്തി പൊളിച്ചുനീക്കിയത്.
സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയതോടെ നിയമലംഘനം ഇല്ലാതായെന്നും എൻ ഒ സി ലഭിക്കാനായി കലക്ടർക്ക് അപേക്ഷ നൽകുമെന്നും സി പി എം അറിയിച്ചു. വീണ്ടും അപേക്ഷ തള്ളിയാൽ ഹൈക്കോടതി സമീപിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഓഫീസ് കെട്ടിടത്തിന്റെ നിർമാണം നിർത്തിവയ്ക്കാൻ നേരത്തെ ഹൈക്കോടതി കലക്ടർക്ക് നിർദേശം നൽകിയിരുന്നു.