sleeping

കൊച്ചി: അയൽസംസ്ഥാനങ്ങളിൽ എൻ.ഡി.പി.എസ് നിയമം കൈകാര്യം ചെയ്യുന്നതിന്റെ വീഴ്ച മുതലെടുത്ത് ലഹരി സംഘങ്ങൾ കേരളത്തിലേക്ക് മയക്കുമരുന്ന് ഗുളിക കടത്ത് നിർബാധം തുടരുന്നു. സേലം, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളാണ് ഹോട്ട് സ്പോട്ടുകൾ. ഇവിടങ്ങളിൽ നേരിട്ടെത്തി അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് എക്‌സൈസ്.

കഴിഞ്ഞദിവസം 100 ലഹരി ഗുളികകളുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയാണ് അന്വേഷണത്തിന് വഴിതുറന്നത്.

മാനസിക അസ്വാസ്ഥ്യങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ലഭിക്കുന്ന ഗുളികയായ നൈട്രോസെപാമാണ് വില്പനയ്ക്കായി കടത്തിക്കൊണ്ടുവരുന്നത്. അയൽസംസ്ഥാനങ്ങളിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ആവശ്യപ്പെടുന്ന അത്രയും ഗുളികകൾ കുറുപ്പടിയില്ലാതെ തന്നെ ലഭിക്കുമെന്നാണ് മൊഴി. അനധികൃതമായി കടത്തിക്കൊ ണ്ടുവരുന്ന ഗുളികകൾ കോളേജ് ഹോസ്റ്റലുകളും മറ്റും കേന്ദ്രീകരിച്ചാണ് വിറ്റഴിക്കുന്നത്.

 സ്ട്രിപ്പിന് 600 രൂപ വില

20 ഗുളികകൾ അടങ്ങിയ സ്ട്രിപ്പിന് 60 രൂപയിൽ താഴെയാണ് വില. കേരളത്തിലെത്തുമ്പോൾ ഒന്നിന് 600 രൂപയാണ് ഈടാക്കുന്നത്. വൻ ലാഭമാണ് ഇടപാടിലേക്ക് ആകർഷിച്ചതെന്നാണ് അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ. ഒരു ഗുളിക കഴിച്ചാൽ ദിവസം മുഴുവൻ ലഹരി ലഭിക്കും. ഇതാണ് യുവാക്കളെ ആകർഷിക്കുന്നത്. കൈകാര്യം ചെയ്യാനുള്ള എളുപ്പമാണെന്നും മറ്റൊരു കാരണം. ഇത്തരം ലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ വാഹനാപകടങ്ങൾക്കുള്ള സാദ്ധ്യതയും കൂടുതലാണ്. ഈ മാരക മയക്കുമരുന്നാണ് വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി വിറ്റഴിക്കുന്നത്.

 മരണം അല്ലെങ്കിൽ ഭ്രാന്ത്
 ഹിപ്‌നോട്ടിക്ക് ഡ്രഗാണ് നൈട്രോസെപാം

തലച്ചോറിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കും

ക്രമേണ ഭ്രാന്തിന് തുല്ല്യമായ അവസ്ഥയാകും

അമിതമായ ഉറക്കം, തലവേദന, മറവിക്ക് കാരണമാകും

അമിതഉപയോഗം ഹൃദയാഘാതത്തിന് ഇടയാക്കും

 വിറ്റാൽ പണികിട്ടും

പ്രത്യേകം ലൈസൻസുള്ള മെഡിക്കൽ ഷോപ്പുകളിൽ മാത്രമേ ഇത്തരം ഗുളിക വിൽകാൻ അനുമതിയുള്ളൂ. സ്റ്റോക്കുള്ള ഗുളികകൾ എത്രയാണ്. എത്ര വിറ്റു. വാങ്ങിയത് ആര്, ഇയാളുടെ തിരിച്ചറിയൽ രേഖ, ഡോക്ടറുടെ കുറിപ്പടി എന്നിവയുടെ പകർപ്പുകൾ സൂക്ഷിക്കണമെന്നാണ് ചട്ടം. പരിശോധനയ്ക്കിടെ രേഖകളിൽ ഒന്ന് കുറവുണ്ടെങ്കിൽ പോലും സ്ഥാപനത്തിന്റെ ലൈസൻസ് തെറിക്കും. കൃത്യമായ പരിശോധന നടക്കുന്നതിനാൽ സംസ്ഥാനത്ത് അനുമതിയുള്ളവർക്ക് മാത്രമേ ഇത് വാങ്ങാൻ കഴിയൂ.