kerala-governor

തിരുവനന്തപുരം: സി.ആർ.പി.എഫ് സുരക്ഷ വന്നതോടെ, ഗവർണറെ വഴിയിൽ തടയുന്നതും വാഹനത്തിൽ പ്രഹരിക്കുന്നതും ദുഷ്കരമാവും. വഴിതടഞ്ഞാലോ വാഹനം ആക്രമിച്ചാലോ ഗവർണറെ പുറത്തിറങ്ങാൻ അനുവദിക്കാതെ അതിവേഗം മാറ്റാനാവും സി.ആർ.പി.എഫ് ശ്രമിക്കുക. പ്രതിഷേധം കടുത്താൽ അവർക്ക് ആയുധമുപയോഗിക്കാൻ അധികാരമുണ്ട്. ഇലക്ട്രിക് ബാറ്റൺ മുതൽ യന്ത്രത്തോക്കുവരെ സി.ആർ.പി.എഫിനുണ്ട്. പക്ഷേ, കേരളം പോലെ സുരക്ഷാഭീഷണി കുറഞ്ഞ സംസ്ഥാനത്ത് കടുത്ത 'പ്രയോഗത്തിന്' മുതിർന്നേക്കില്ല.

സമരക്കാരെ കണ്ടാൽ കാറിൽ നിന്നിറങ്ങുന്ന ഗവർണറുടെ പതിവുരീതി അനുവദിക്കില്ല. അവരുടെ പ്രോട്ടോക്കോൾ പ്രകാരം വി.ഐ.പിക്ക് കാർ നിറുത്തി പുറത്തിറങ്ങാനാവില്ല. അഥവാ കാർ നിറുത്തിയാൽ ചുറ്റിലും യന്ത്രത്തോക്കേന്തിയ സി.ആർ.പി.എഫുകാരുണ്ടാവും. ക്രമസമാധാന ചുമതലയില്ലെങ്കിലും, കമ്പും വടിയുമായി ഗവർണറുടെ അടുത്തേക്കെത്തിയാൽ ലാത്തിപ്രയോഗത്തിലൂടെ സമരക്കാരെ തുരത്തും.

സമരക്കാരെ അറസ്റ്റ് ചെയ്യാനോ കേസെടുക്കാനോ അധികാരമില്ല. ഗവർണർക്ക് അകമ്പടി, വാഹനത്തിലും ഓഫീസിലും യാത്രകളിലും പരിപാടികളിലും താമസസ്ഥലത്തും സംരക്ഷണം, ചുറ്റിലും സംരക്ഷണ വലയം തീർക്കൽ എന്നിവയാണ് സി.ആർ.പി.എഫ് ഏറ്റെടുക്കുക. ഇതിനായി പരിശീലനം നേടിയ 50 പേരെ നിയോഗിക്കും. മൂന്ന് ഷിഫ്‌റ്റുകളിലായി 15 പേരെങ്കിലും ഗവർണർക്കൊപ്പമുണ്ടാവും. വി.ഐ.പി സുരക്ഷയിൽ വൈദഗ്ദ്ധ്യമുള്ള ബംഗളുരുവിലെ യൂണിറ്റിനാണ് ചുമതല. ഗവർണർ രാജ്യത്തെവിടെ പോയാലും ഇവരുടെ സംരക്ഷണമുണ്ടാവും.

പൊലീസ് സുരക്ഷ തുടരും

രാജ്ഭവൻ കവാടത്തിലും ഗവർണറുടെ പരിപാടികളിലും യാത്രകളിലുമടക്കം പൊലീസ് സുരക്ഷ തുടരും. രാജ്ഭവനുള്ളിൽ സി.ആർ.പി.എഫിനെ വിന്യസിക്കും. രാജ്ഭവന്റെ മൊത്തം സുരക്ഷയേറ്റെടുക്കാൻ 180 സേനാംഗങ്ങൾ വേണ്ടിവരും. ഗവർണർക്ക് സംരക്ഷണ വലയം തീർക്കുന്നത് സി.ആർ.പി.എഫുകാരായിരിക്കും.

യാത്രയിലും പരിപാടികളിലും ജനക്കൂട്ടനിയന്ത്രണമടക്കം പൊലീസിന്റെ ചുമതലയിൽ തുടരും. പൊലീസുമായി സഹകരിച്ചായിരിക്കും യാത്രാപാതയടക്കം നിശ്ചയിക്കുക. പാതയിൽ സുരക്ഷയ്ക്ക് പഴയതുപോലെ പൊലീസിനെ വിന്യസിക്കും.

സുരക്ഷയിൽ തീരുമാനം ഇന്ന്

സുരക്ഷാക്രമീകരണത്തിൽ അന്തിമതീരുമാനമെടുക്കാൻ സി.ആർ.പി.എഫ്- പൊലീസുദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് യോഗംചേരും. സെക്യൂരിറ്റി ഐ.ജിയും സി.ആർ.പി.എഫ് വി.ഐ.പി സുരക്ഷാ ഡിവിഷന്റെ ബംഗളുരുവിലെ കമൻഡാന്റും പങ്കെടുക്കും. കേന്ദ്രസേനയുടെയും പൊലീസിന്റെയും ചുമതലകൾ യോഗത്തിൽ നിശ്ചയിക്കും. സി.ആർ.പി.എഫ് സുരക്ഷയേർപ്പെടുത്തിയുള്ള കേന്ദ്ര ഉത്തരവ് ഇന്നലെ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ലഭിച്ചു.

149 വി.ഐ.പികൾക്കാണ് സി.ആർ.പി.എഫ് സുരക്ഷയൊരുക്കുന്നത്.

6500 അംഗങ്ങളാണ് സി.ആർ.പി.എഫിന്റെ വി.ഐ.പി സുരക്ഷാ ഡിവിഷനിലുള്ളത്

ഇലക്ട്രിക് ലാത്തി

@ ജനക്കൂട്ട നിയന്ത്രണത്തിനാണ് ഷോക്കടിപ്പിക്കാവുന്ന ഇലക്ട്രിക് ബാറ്റൺ നൽകിയിട്ടുള്ളത്

@ ലാത്തിയുടെ അഗ്രഭാഗത്താണ് ഷോക്ക്. ത്വക്കിനടിയിലേക്ക് കടക്കില്ല, മുറിവുണ്ടാവില്ല

@ ക്രമസമാധാന പാലനത്തിന് പൊലീസിനൊപ്പം നിയോഗിക്കുന്നിടത്ത് ഇതുപയോഗിക്കും

@ ബാറ്ററിയും ചാർജറും ഉൾപ്പെടെയുള്ള പോളികാർബണേറ്റ് ലാത്തിയാണുപയോഗിക്കുക