b

'സത്യത്തിനും നീതിക്കും വിലയില്ലാത്ത ഈ നശിച്ച ലോകത്ത് ഞാൻ എന്തിനാ ജീവിക്കുന്നത്'?

കോടതിമുറിയിൽ കണ്ണുകെട്ടിയ നീതിദേവതയുടെ മുന്നിൽ നിന്ന് സത്യത്തിനും നീതിക്കും വേണ്ടി വാദിക്കുന്ന ഒരു വനിതാ പ്രോസിക്യൂട്ടർ ജോലിസ്ഥലത്തെ മനോപീഡനത്തിലും മേലധികാരികളിൽനിന്ന് തനിക്കുണ്ടായ അവഹേളനത്തിലും മനംനൊന്ത് ജീവനൊടുക്കും മുമ്പ് സുഹൃത്തുക്കൾക്കയച്ച ശബ്ദസന്ദേശത്തിലെ വാചകമാണിത്.

'ജീവിതത്തിൽ പൊരുതിപ്പൊരുതിയാണ് ഈ സ്ഥാനം വരെ എത്തിയത്. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്? എനിക്ക് ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണുണ്ടാക്കുന്നത്. അവർ പറയുന്ന രീതിക്ക് ഞാൻ വഴങ്ങില്ല. അതിന് വേറെ ആളെ നോക്കണം....' സന്ദേശത്തിൽ ഇങ്ങനെ തുടരുന്നു.

കൊല്ലം പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41)യെ ജനുവരി 21 ഞായറാഴ്ച രാവിലെയാണ് പരവൂർ നെടുങ്ങോലം വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ അജിത് കുമാറിന്റെ ഭാര്യയാണ് അനീഷ്യ. ഭർത്താവും ഏകമകളും പുറത്ത് പോയ സമയത്തായിരുന്നു സംഭവം. താൻ ജീവനൊടുക്കാനുണ്ടായ സാഹചര്യവും കാരണക്കാരായവരുടെ പേരുകളടങ്ങിയ 19 പേജുള്ള ആത്മഹത്യാ കുറിപ്പും സുഹൃത്തുക്കൾക്കയച്ച ശബ്ദസന്ദേശത്തിലും അനീഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ജീവനൊടുക്കി ഒന്നരയാഴ്ച കഴിഞ്ഞെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്തതല്ലാതെ മറ്റൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല.

ഇഴഞ്ഞിഴഞ്ഞ്

അന്വേഷണം

ജീവനൊടുക്കിയ ആൾ എഴുതിയ ഡയറിക്കുറിപ്പിലും ശബ്ദസന്ദേശങ്ങളിലും തന്റെ മരണത്തിന് കാരണക്കാരായവരുടെ പേരുകൾ സഹിതം എഴുതിവച്ച തെളിവുകളുണ്ടായിട്ടും സംഭവം നടന്ന് ഒന്നര ആഴ്ച പിന്നിടുമ്പോൾ പൊലീസ് ചെയ്തത് സി.ആർ.പി.സി യിലെ 124 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തത് മാത്രമാണ്. ഐ.പി.സിയിലെ 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കാവുന്ന തെളിവുകളുള്ളതായി നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസങ്ങൾ നീളും തോറും ആരോപണവിധേയർക്ക് തെളിവുകൾ നശിപ്പിക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനുമുള്ള പഴുതുകൾ ധാരാളമുണ്ടാകും. അഭിഭാഷകരും രാഷ്ട്രീയ പാർട്ടികളും നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് കേസന്വേഷണം കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറി. അവർ അനീഷ്യയുടെ വസതിയിലെത്തി ബന്ധുക്കളിൽ നിന്ന് വിരങ്ങൾ ശേഖരിച്ചു. എന്നാൽ സംസ്ഥാന ക്രൈംബ്രാഞ്ചിനെയെങ്കിലും ഏൽപ്പിച്ചാലേ അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കൂ എന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.

നീതിയ്ക്കായി

നിലപാട്

കേസുകളിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരാകുമ്പോൾ നീതിക്ക് വേണ്ടി മാത്രം നിലകൊണ്ടതാണ് അനീഷ്യയെ സഹപ്രവർത്തകരുടെയും മേലധികാരികളുടെയും കണ്ണിലെ കരടാക്കിയത്. സ്ത്രീസുരക്ഷയെക്കുറിച്ചും തൊഴിലിടത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വീമ്പ് പറയുന്ന ഭരണാധികാരികളും സംഘടനകളുമുള്ള നാട്ടിലാണോ അനീഷ്യയെന്ന എ.പി.പിക്ക് ജീവിതത്തിൽ നിന്നു തന്നെ ഓടി രക്ഷപ്പെടേണ്ടി വന്നതെന്നത് വലിയൊരു ചോദ്യമായി മാറുന്നു. കോടതികളിൽ സത്യസന്ധരായി ജോലി ചെയ്യുന്ന എല്ലാ പ്രോസിക്യൂട്ടർമാരും ഇതുപോലെ മാനസികസംഘർഷം അനുഭവിക്കുന്നവരാണോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. ഒമ്പത് വർഷമായി പരവൂർ കോടതിയിൽ എ.പി.പിയായി ജോലി ചെയ്യുന്ന അനീഷ്യ നേരിട്ടത് ക്രൂരമായ തൊഴിൽ, മാനസിക പീഡനമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇക്കാര്യം സുഹൃത്തുക്കളെയും ബന്ധുക്കളെയും നിരവധി തവണ അനീഷ്യ അറിയിച്ചിരുന്നതായാണ് വിവരം. ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മർദ്ദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറിയും ശബ്ദസന്ദേശവും കണ്ടെത്തിയത് നിർണായക വഴിത്തിരിവായി. സ്വന്തംകുടുംബത്തിലെ പ്രശ്നങ്ങൾ മൂലമാണ് അവർ ജീവനൊടുക്കിയതെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ ശ്രമമാണ് അതോടെ പാളിയത്. കുടുംബവഴക്കാണെന്ന് വരുത്തി ജഡ്ജിയായ ഭർത്താവിനെ സംശയനിഴലിലാക്കാനുള്ള നീക്കവും ചിലർ തുടക്കത്തിൽ നടത്തിയിരുന്നു.

എന്നാൽ ഉന്നത ഉദ്യോഗസ്ഥ‌ർ, സഹപ്രവർത്തകർ എന്നിവരിൽ നിന്ന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് ആ നീക്കങ്ങളെല്ലാം പാളി. അവധിയെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന അസി.പബ്ളിക് പ്രോസിക്യൂട്ടർമാരുടെ വിവരശേഖരണത്തിനായി കൊല്ലത്തെ ഒരഭിഭാഷക കൊല്ലത്തെ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷന് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയിരുന്നു. ഇതിനുപിന്നിൽ അനീഷ്യയാണെന്ന് ആരോപിച്ചായി പീഡനം. 'ഞങ്ങളുടെ പാർട്ടിയാണ് ഭരിക്കുന്നത്, വിവരാവകാശം പിൻവലിക്കണം' എന്ന ചിലരുടെ ഭീഷണിയും അനീഷ്യയെ മാനസികമായി തളർത്തി. 'കാസർകോട്ടേക്ക് സ്ഥലം മാറ്റും, ഭർത്താവിനെയും മകളെയും കാണണ്ടേ'? എന്ന ഭീഷണിയും ചിലരിൽ നിന്നുണ്ടായത്രെ. മരിക്കുന്നതിന്റെ തലേന്നാൾ കൊല്ലത്ത് നടന്ന എ.പി.പിമാരുടെ യോഗത്തിൽ വച്ച് അനീഷ്യയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സി.ആർ) പരസ്യമാക്കിയതും മാനസികമായി തളർത്തി. തന്നെക്കാൾ ജൂനിയറായവരുടെ മുന്നിൽ വച്ച് 'കൗരവസദസ്സിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം' നടത്തിയ മഹാഭാരത കഥയെ അനുസ്മരിപ്പിക്കും വിധമാണ് മേലധികാരികൾ പെരുമാറിയതത്രെ. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ അനീഷ്യ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇക്കാര്യം സഹപ്രവർത്തകരോടും സുഹൃത്തുക്കളായ അഭിഭാഷകരോടും പറഞ്ഞത്. അർഹതപ്പെട്ട സ്ഥാനക്കയറ്റം തടയുമോ എന്ന പേടിയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കൊല്ലം കോടതികളിൽ അഭിഭാഷകയായിരുന്ന അനീഷ്യ പി.എസ്.സി പരീക്ഷയിൽ വിജയിച്ചാണ് എ.പി.പിയായി നിയമനം നേടിയത്. ഭർത്താവ് അജിത്തും കൊല്ലം കോടതികളിൽ അഭിഭാഷകനായിരിക്കെയാണ് അനീഷ്യയുമായി പരിചയത്തിലാകുന്നതും പിന്നീട് വിവാഹിതരായതും.

സി.ബി.ഐ

അന്വേഷിക്കണം

അനീഷ്യയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആരോപണ വിധേയരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം ജില്ലയിലെ അഭിഭാഷകർ ഒന്നടങ്കം കോടതി ബഹിഷ്ക്കരിച്ച് സമരം നടത്തിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും പ്രക്ഷോഭം നടത്തിയെങ്കിലും വഴിത്തിരിവൊന്നും സംഭവിച്ചിട്ടില്ല. അതിനിടെ അനീഷ്യയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ എ.പി.പി തിങ്കളാഴ്ച പരവൂർ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ജോലിക്കെത്തി കോടതി നടപടികളിൽ ഏർപ്പെട്ടതിനെതിരെ വനിതാ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് എ.പി.പിയോട് അവധിയിൽ പോകാൻ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ജില്ലാകോടതികളിലെ എ.പി.പിമാർ താത്കാലികമായി നിയമിക്കപ്പെടുന്നവരാണെങ്കിൽ മജിസ്ട്രേട്ട് കോടതികളിലെ എ.പി.പിമാർ പി.എസ്.സി വഴി സ്ഥിരനിയമനം നേടിയവരാണ്. അവർ ആഭ്യന്തര വകുപ്പിനു കീഴിലാണ്. അതേവകുപ്പിനു കീഴിലുള്ള കേരള പൊലീസ് അന്വേഷണം നടത്തിയാൽ നീതിലഭിക്കില്ലെന്നാണ് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിയുകയുള്ളു. അനീഷ്യയുടെ മരണത്തിനുത്തരവാദികളായവർ ഭരണപക്ഷവുമായി സ്വാധീനമുള്ളവരായതിനാൽ കേസന്വേഷണം അട്ടിമറിയ്ക്കപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്.

അനീഷ്യയുടെ ഭർത്താവ് ജഡ്ജിയായതിനാൽ കേസന്വേഷണത്തിൽ ഇടപെടാനും പരിമിതിയുണ്ട്. അനീഷ്യയുടെ ആത്മഹത്യാ കുറിപ്പിലെ അവസാന വാചകങ്ങൾ ഇങ്ങനെയാണ്: 'ഐ ലവ് മൈ ഹസ്ബന്റ്, ഐ ലവ് മൈ ഡോട്ടർ' (I iove my husband, I love my daughter). ഭർത്താവിന് ഭാര്യയെയും ഏകമകൾക്ക് അമ്മയെയും എന്നെന്നേക്കുമായി നഷ്ടമായി. നികത്താൻ കഴിയാത്ത ആ നഷ്ടത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിച്ച് അർഹമായ ശിക്ഷ നൽകാൻ കഴിയുമോ? നീതിദേവത കൺതുറക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.