pc-george

കോട്ടയം: പി സി ജോർജിന്റെ ജനപക്ഷം ബി ജെ പിയിലേക്കെന്ന് റിപ്പോർട്ടുകൾ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പി സി ജോർജ് ബി ജെ പി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യും.

പി സി ജോർജിനൊപ്പം മകൻ ഷോൺ ജോർജും, ജോർജ് ജോസഫ് കാക്കനാടുമാണ് ബി ജെ പി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താനായി ഡൽഹിയിലെത്തിയത്. പ്രകാശ് ജാവദേക്കറും, കേന്ദ്രമന്ത്രി വി മുരളീധരനും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.


തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റിലായിരിക്കും പി സി ജോർജ് മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഘടക കക്ഷിയായിട്ടായിരിക്കില്ല, മറിച്ച് ബി ജെ പി മെമ്പർഷിപ്പ് എടുത്തേക്കുമെന്നാണ് സൂചന. ബി ജെ പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നെന്നും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമാണ് വിവരം.

ഇത്രയും പ്രഗത്ഭനായ പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന് പിന്തുണ കൊടുക്കണമെന്നാണ് പാർട്ടി അണികളുടെ അഭിപ്രായമെന്നും പി സി ജോർജ് പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബി ജെ പി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.