
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തോട് ചേർന്ന് വൻകിട ഗ്രീൻ ഹൈഡ്രജൻ നിർമ്മാണ പദ്ധതിയുമായി അദാനി. മൂന്ന് ഘട്ടങ്ങളിലായി 1100 കിലോ ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇത് പൂർണ്ണമായി വിദേശത്തേക്ക് കയറ്റുമതി ചെയ്യും. 26,400 കോടിരൂപയാണ് നിക്ഷേപം.
5000 പേർക്ക് നേരിട്ടും 18000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. തുറമുഖത്തിലൂടെയും നികുതിയിനത്തിലും വൻ വരുമാനമാണ് സംസ്ഥാനത്തേക്കെത്തുക. അനുമതികൾ ലഭിച്ചാൽ പദ്ധതി ഉടൻ തുടങ്ങും. തുടക്കത്തിൽ പ്രതിവർഷം 100 കിലോ ടൺ ഗ്രീൻ ഹൈഡ്രജനും പിന്നീട് ഓരോ മൂന്ന് വർഷത്തിലും 500 കിലോ ടൺ വീതം ഉത്പാദനശേഷി വർദ്ധിപ്പിക്കും.
ഗ്രീൻ ഹൈഡ്രജൻ പ്ളാന്റ് പ്രവർത്തിപ്പിക്കാൻ പ്രതിവർഷം 14,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടിവരും. ഇതിനായി 6 ജിഗാവാട്ട് ശേഷിയുള്ള സോളാർ പ്ളാന്റ് വിഴിഞ്ഞത്ത് നിർമ്മിക്കും. കൂടാതെ 50 ദശലക്ഷം വെള്ളവും വേണ്ടിവരും. അതിനായി സീവാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റും സ്ഥാപിക്കും. ഇതിന്റെ നിർമ്മാണ ചെലവ് കൂടാതെയാണ് 26,400 കോടി പദ്ധതി ചെലവ്.
അദാനി ഗ്രൂപ്പിന്റെ ഉപവിഭാഗമായ അദാനി ന്യൂ ഇൻഡസ്ട്രീസിന്റെ പേരിലാണ് പദ്ധതി വരിക. അദാനി ഗ്രൂപ്പിന്റെ സോളാർ, കാറ്റാടി, പ്ളാന്റുകളും അനുബന്ധ നിർമ്മാണ ഫാക്ടറികളും നടത്തുന്നത് അദാനി ന്യൂ ഇൻഡസ്ട്രീസാണ്. 2030ഓടെ ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിൽ 10 ലക്ഷം ടൺ ആണ് അദാനി ന്യൂവിന്റെ ലക്ഷ്യം. വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യത വിനിയോഗിക്കാനാകുമെന്നതാണ് ഇവിടെ സ്ഥാപിക്കുന്നതിലൂടെ നേട്ടമാക്കുന്നത്.
# ഫോസിൽ ഇന്ധന ഇറക്കുമതി കുറയ്ക്കാനാകും
2030ഓടെ രാജ്യത്ത് 5 ദശലക്ഷം മെട്രിക് ടൺ ഗ്രീൻ ഹൈഡ്രജൻ ഉദ്പാദിപ്പിക്കാനും അതുവഴി ഒരുലക്ഷം കോടിയുടെ ഫോസിൽ ഇന്ധന ഇറക്കുമതി കുറയ്ക്കുകയുമാണ് ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ ലക്ഷ്യമിടുന്നത്. ടെക്‌നോളജിയുടെ വികാസത്താലും ഫലപ്രദമായ ഉത്പാദന മാർഗങ്ങളും സംയോജിപ്പിച്ചാൽ, ഒരു കിലോ ഹൈഡ്രജൻ ഒരു ഡോളറിലും താഴ്ന്ന നിരക്കിൽ ലഭ്യമാക്കാനാകും. അതായത് പെട്രോളിയം അധിഷ്ഠിത ഇന്ധനങ്ങൾക്ക് പ്രായോഗിക ബദലായി ഗ്രീൻ ഹൈഡ്രജനെ മാറ്റിയെടുക്കാനാകും.
# ഗ്രീൻ ഹൈഡ്രജൻ
ഭാവിയുടെ ഇന്ധനമാണ് ഗ്രീൻ ഹൈഡ്രജൻ. കാർബൺ ഇല്ലാതെ ഹൈഡ്രജൻ ഉണ്ടാക്കുന്നതിനെയാണ് ഗ്രീൻ ഹൈഡ്രജനെന്ന് പറയുന്നത്. സോളാർ, കാറ്റ് എന്നിങ്ങനെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ജലത്തിൽ വൈദ്യുതവിശ്ലേഷണ (ഇലക്ട്രോളിസിസ്) പ്രക്രിയ നടത്തിയുണ്ടാക്കുന്ന ഹൈഡ്രജനാണിത്. സ്റ്റീൽ, റിഫൈനറികൾ, രാസവളങ്ങൾ തുടങ്ങിയ വ്യവസായങ്ങളിലും ഗതാഗത, ഊർജ്ജ മേഖലകളിൽ കാർബൺ മാലിന്യം കുറയ്ക്കാൻ ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കും.
#കേരളത്തിന് നേട്ടം
♦ 10 വർഷത്തിനുള്ളിൽ 26400കോടിയുടെ നിക്ഷേപം
♦ 5000 പേർക്ക് സ്ഥിരം തൊഴിൽ
♦ 18000 പേർക്ക് നിർമ്മാണമേഖലയിൽ തൊഴിൽ
♦ സംസ്ഥാനത്ത് 100 കിലോ ടൺ ആദ്യവർഷത്തിലും പിന്നീട് ഒാരോ മൂന്ന് വർഷങ്ങളിലും 500 കിലോ ടൺ ഗ്രീൻഹൈഡ്രജൻ ഉദ്പാദിപ്പിക്കും. അതിലൂടെ കോടികളുടെ നികുതി നികുതിയേതര വരുമാനം