
ന്യൂഡൽഹി: കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് അടക്കം രാജ്യത്തെ 30 നഗരങ്ങളെ 2026ഓടെ ഭിക്ഷാടന വിമുക്തമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം. തീർത്ഥാടന, വിനോദസഞ്ചാര, ചരിത്ര പ്രാധാന്യം കണക്കിലെടുത്താണ് നഗരങ്ങളെ തിരഞ്ഞെടുത്തത്.
30 നഗരങ്ങളിലെ പ്രധാന ഭിക്ഷാടന കേന്ദ്രങ്ങൾ കണ്ടെത്താനും ഭിക്ഷക്കാരുടെ വിവരങ്ങൾ ശേഖരിക്കാനുമുള്ള സർവെ തുടങ്ങിക്കഴിഞ്ഞു. ഭിക്ഷയാചിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസം അടക്കമാണ് പദ്ധതി.
'ഭിക്ഷാവൃത്തി മുക്ത് ഭാരത്' (ഭിക്ഷാടനം മുക്ത ഇന്ത്യ) എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഏകീകൃത സർവേയും പുനരധിവാസ മാർഗ്ഗനിർദ്ദേശങ്ങളും നടപ്പാക്കാൻ ഒരു ദേശീയ പോർട്ടലും മൊബൈൽ ആപ്പും ഫെബ്രുവരി പകുതിയോടെ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം പുറത്തിറക്കും. ഭിക്ഷാടനത്തിൽ ഏർപ്പെട്ടവരുടെ ഡാറ്റ നഗരങ്ങളിലെ അധികാരികൾ മൊബൈൽ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും. പുനരധിവസിപ്പിക്കുവർക്ക് ഷെൽട്ടറുകൾ തയ്യാറാക്കൽ, നൈപുണ്യ പരിശീലനം നൽകൽ, വിദ്യാഭ്യാസം, പുനരധിവാസം എന്നിവ സംബന്ധിച്ച പുരോഗതിയും പോർട്ടലിൽ ലഭ്യമാകും. കോഴിക്കോട് , വിജയവാഡ, മധുര, മൈസൂരു എന്നിവിടങ്ങളിൽ സർവേ പൂർത്തിയായി.
ഭിക്ഷാടന വിമുക്തമാകുന്ന നഗരങ്ങൾ:
അയോദ്ധ്യ, കാൻഗ്ര, ഓംകാരേശ്വർ, ഉജ്ജയിൻ, സോമനാഥ്, പാവഗഢ്, ത്രയംബകേശ്വർ, ബോധ്ഗയ, ഗുവാഹത്തി, മധുര വിജയവാഡ, കെവാഡിയ, ശ്രീനഗർ, നംസായ്, കുശിനഗർ, സാഞ്ചി, ഖജുരാഹോ, ജയ്‌സാൽമീർ, തിരുവനന്തപുരം, പുതുച്ചേരി അമൃത്‌സർ, ഉദയ്‌പൂർ, വാറങ്കൽ, കട്ടക്ക്, ഇൻഡോർ, കോഴിക്കോട്, മൈസൂരു, പഞ്ച്കുല, ഷിംല, തേസ്‌പൂർ (ഇതിനകം ഭിക്ഷാടന വിമുക്തമായതിനാൽ മറ്റൊരു നഗരത്തെ പരിഗണിക്കണമെന്ന് മധ്യപ്രദേശിലെ സാഞ്ചി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.)
ഇന്ന് മദ്യശാലകൾക്ക് അവധി
തിരുവനന്തപുരം: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ഇന്ന് വിദേശ മദ്യചില്ലറ വില്പനശാലകളും ബാറുകളും കള്ള് ഷാപ്പുകളും പ്രവർത്തിക്കില്ല.