meghna

മേഘ്ന എൻ.നാഥിന് ഇത് മറക്കാനാകാത്ത നിമിഷമാണ്. പ്രധാനമന്ത്രിക്കൊപ്പം ഉറച്ച വിശ്വാസത്തോടെ ഇടറാത്ത ശബ്ദവുമായി അവൾ നിന്നു. പരീക്ഷ പേ ചർച്ചയുടെ അവതാരകയായി. കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ഏറെ നാളത്തെ ആഗ്രഹവും കഠിനാദ്ധ്വാനവുമാണ് പ്രധാനമന്ത്രിയുടെ ഏഴാമത് പരീക്ഷ പേ ചർച്ചയിലൂടെ സഫലമായത്.


പരീക്ഷ പേ ചർച്ചയിൽ ആദ്യമായാണ് ഒരു മലയാളി വിദ്യാർത്ഥി അവതാരകയാവുന്നത്. സ്കൂൾതല യൂത്ത് പാർലമെന്റ് വേദിയിൽ നിന്നാണ് പരീക്ഷ പേ ചർച്ചയുടെ ഉന്നതമായ വേദിയിലേക്ക് മേഘ്ന എത്തുന്നത്. യൂത്ത് പാർലമെന്റിൽ കേരളത്തിലും സൗത്ത് ഇന്ത്യയിലും മികച്ച അവതാരകയായിരുന്നു മേഘ്ന. സ്കൂളിൽ നിന്നുള്ള പിന്തുണ കൂടിയായപ്പോൾ പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയുടെ അവതാരകയാകാൻ അപേക്ഷിച്ചു.

പരിപാടി അവതരിപ്പിക്കുന്നതിന്റെ വീഡിയോ തയ്യാറാക്കി അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട കടമ്പ കടന്നത്. തുടർന്ന് വീഡിയോ കോൺഫറൻസ് വഴി നടത്തിയ അഭിമുഖങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടിൽ ഒരാളായി.

ഡൽഹിയിലായിരുന്നു പരിശീലനം. പരിശീലനത്തിനായി കഴിഞ്ഞയാഴ്ച ഡൽഹിയിലേക്ക് തിരിച്ച മേഘ്ന ഇന്ന് കോഴിക്കോട്ടേക്ക് മടങ്ങും. പഠനത്തിനൊപ്പം പ്രസംഗത്തിലും മിടുക്കിയാണ് മേഘ്ന.

ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പത്താംക്സാസ് പഠനം. ഹിന്ദിക്കും ഇംഗ്ലീഷിനുമൊപ്പം കൂടുതൽ ഭാഷകൾ പഠിക്കാനാണ് ആഗ്രഹം. ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്. കോട്ടൂളി പട്ടേരിയിലാണ് താമസം. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ നരേന്ദ്രനാഥിന്റെയും ഷീനയുടെയും ഇളയമകളാണ്. മൂത്ത മകൾ നന്ദന എം. നാഥ് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർത്ഥിയാണ്. വാരാണസിയിൽ നിന്നുള്ള അനന്യ ജ്യോതിയാണ് പരിപാടിയിലെ മറ്റൊരു അവതാരക.