renjith-sreenivasan-famil

ആലപ്പുഴ: കോടതിവിധിയിൽ പൂർണസംതൃപ്‌തിയുണ്ടെന്ന് രൺജിത്ത് ശ്രീനിവാസന്റെ കുടുംബം. 15 പ്രതികളുടെയും വധശിക്ഷാ വിധി വായിച്ചു കേട്ട ശേഷം കോടിതിയിൽ നിന്ന് പുറത്തിറങ്ങി മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് രൺജീത്തിന്റെ ഭാര്യയും അമ്മയും ഇക്കാര്യം അറിയിച്ചത്.

''പരമാവധി ശിക്ഷ കൊടുത്തതിൽ സംതൃപ്‌തരാണ് ഞങ്ങൾ. ഞങ്ങളുടെ നഷ്‌ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്. ഭഗവാന്റെ വേറൊരു വിധിയുണ്ടല്ലോ? പ്രകൃതിയുടെ നീതിയുണ്ട്. ഞങ്ങൾ കണ്ടില്ലെങ്കിലും നിങ്ങൾക്ക് (മാദ്ധ്യമപ്രവർത്തകർക്ക്) കാണാൻ പറ്റും. അത് പിറകെ വരും. സത്യസന്ധമായി കാര്യങ്ങൾ അന്വേഷിച്ച് വിവരങ്ങൾ കോടതിയിൽ എത്തിച്ച ഡിവൈഎസ്‌പി ജയരാജിന്റെ നേതൃത്വത്തിലുള്ള ടീമിനോട് നന്ദി അറിയിക്കുകയാണ്. പ്രോസിക്യൂട്ടറോട് നന്ദിയിൽ മാത്രമായി വാക്കുകൾ ഒതുക്കാൻ കഴിയില്ല.

അത്യപൂർവമായ കേസ് തന്നെയാണിത്. ഒരു വീട്ടിൽ കയറി ഒരാളും ഇത്തരത്തിൽ ചെയ‌്തിട്ടില്ല. കൊലപാതകം എന്നുപറഞ്ഞുമാത്രം തള്ളാൻ പറ്റില്ല. സാധാരണ ഒരു കൊലപാതകത്തിന്റെ കൂട്ടത്തിൽ പെടില്ല ഇത്. വായ്‌ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് എന്റെ ഏട്ടനെ അവർ കാണിച്ചുവച്ചത്. അത് കണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണ്''- രൺജിത്ത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷയുടെ വാക്കുകൾ.

2021 ഡിസംബർ 19ന് രണ്‍ജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം (സലാം), അടിവാരം ദാറുസ്സബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശേരി ചിറയില്‍ ജസീബ് രാജ,കോമളപുരം തയ്യില്‍ സമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണ്ണര്‍കാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, തെക്കേ വെളിയില്‍ ഷാജി (പൂവത്തില്‍ ഷാജി), മുല്ലയ്ക്കല്‍ നുറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. അഡ്വ.പ്രതാപ് ജി.പടിക്കലാണ് സ്‌പെഷ്യല്‍ പബ്ളിക്ക് പ്രോസിക്യൂട്ടര്‍.