
കൊച്ചി: രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ വിവിധ മോഡലുകളുടെ വില കുത്തനെ ഉയർത്തിയതോടെ കാർ വിപണിയിൽ മാന്ദ്യ സാഹചര്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാരുതി സുസുക്കി മുതൽ ടാറ്റ മോട്ടോഴ്സും ഔഡിയും അടക്കമുള്ള മുൻനിര കമ്പനികൾ വിവിധ കാർ മോഡലുകളുടെ വില അര ശതമാനം മുതൽ രണ്ട് ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഉപഭോക്താക്കൾ കാർ വാങ്ങാനുള്ള തീരുമാനം നീട്ടുകയാണെന്ന് വാഹന വിപണിയിലുള്ളവർ പറയുന്നു. വാഹന വായ്പകളുടെ ഉയർന്ന പലിശ നിരക്ക് മൂലം വലയുന്ന ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വാഹന വിലയിലുണ്ടായ വർദ്ധന കടുത്ത തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
ഗ്രാമീണ, കാർഷിക മേഖലകളിൽ അനിശ്ചിതത്വം ഒഴിയാത്തതിനാൽ വിപണിയിൽ വലിയ ഉണർവ് ഉടനുണ്ടാകില്ലെന്നും വാഹന വിപണിയിലുള്ളവർ പറയുന്നു. നിലവിൽ ചെറുകാറുകളുടെ വില്പനയിൽ കനത്ത ഇടിവാണുള്ളത്.എങ്കിലും വലിയ കാറുകൾക്ക് മികച്ച വില്പന ലഭിച്ചിരുന്നു. എന്നാൽ വില കൂടിയതോടെ ആഡംബര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വാങ്ങൽ താത്പര്യം കുറയുകയാണെന്ന് ഡീലർമാർ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ചെറുകാറായ ആൾട്ടോ, റെനോയുടെ ക്വിഡ്, ഹ്യൂണ്ടായ് ഇയോൺ തുടങ്ങിയവയെല്ലാം വില്പനയിൽ വൻ തിരിച്ചടിയാണ് നേരിടുന്നത്. പ്രമുഖ കമ്പനികൾ പലതും ചെറു കാറുകളുടെ വിപണിയിൽ നിന്നും പിന്മാറാൻ തയ്യാറെടുക്കുകയാണ്.
അതിനിടെ വില വർദ്ധന മൂലം വലയുന്ന ഉപഭോക്താക്കൾക്ക് അധിക ആനുകൂല്യങ്ങളും ആകർഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ച് വിപണിയിൽ വീണ്ടും ഉണർവ് സൃഷ്ടിക്കാനാണ് മുൻനിര കമ്പനികൾ തയ്യാറെടുക്കുന്നത്. അസംസ്കൃത സാധനങ്ങളുടെ വൻ വിലക്കയറ്റം കണക്കിലെടുത്താണ് കാറുകളുടെ വില ഉയർത്താൻ നിർബന്ധിതരായതെന്ന് വാഹന നിർമ്മാതാക്കൾ പറയുന്നു. കാലാവസ്ഥയിലെ മാറ്റം കാർഷിക മേഖലയിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാൽ ഗ്രാമീണ മേഖലയിൽ വാങ്ങൽ ശേഷിയിൽ വലിയ കുറവാണ് ദൃശ്യമാകുന്നതെന്ന് വാഹന വിപണിയിലുള്ളവർ പറയുന്നു.
മുഖം മിനുക്കി എസ്. യു. വി
സ്പോർട്ട്സ് യൂട്ടിലിറ്റി (എസ്.യു.വി) വാഹനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച വില്പന അന്വേഷണം ലഭിക്കുന്നതിനാൽ ഈ മേഖലയിൽ അധിക ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ച് വില്പന ഉയർത്താനാണ് കമ്പനികൾ ആലോചിക്കുന്നത്. പുതിയ കണക്കുകളനുസരിച്ച് മൊത്തം വില്പനയുടെ 40 ശതമാനവും എസ്. യു. വികൾക്കാണുള്ളത്.
ഓഫറുകളുടെ പെരുമഴ വരുന്നു
കാർ വിപണി നാളിതുവരെ കാണാത്ത ഓഫറുകളും ഇളവുകളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് മുൻനിര കമ്പനികൾ ആലോചിക്കുന്നത്. വിപണിയിലെ വില്പന മാന്ദ്യം നേരിടുന്നതിന് വനിതകൾ, കോർപ്പറേറ്റ് ഉപഭോക്താക്കൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങൾക്ക് അധിക ആക്സസറീസും വിലയിളവുകളും പ്രത്യേകമായി പ്രഖ്യാപിച്ചേക്കും. കൂടാതെ വായ്പകൾ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചേർന്ന് ഉദാര വ്യവസ്ഥകളോടെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനും കമ്പനികൾ ആലോചിക്കുന്നു.