
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ തൊഴിൽരഹിതനായ ഭർത്താവ് സബ് ഡിവിഷണൽ മജിസ്ട്രേറ്റായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് മനീഷ് ശർമ (45) ഭാര്യ നിഷയെ ശ്വാസം മുട്ടിപ്പിച്ച് കൊലപ്പെടുത്തിയത്. വിശദമായ അന്വേഷണത്തിന് മനീഷിന്റെ വീട്ടിലെത്തിയതോടെയാണ് പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചത്.
തലയണയുപയോഗിച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം നിഷയുടെ രക്തക്കറ പുരണ്ട തലയണയുറയും ബെഡ്ഷീറ്റും കഴുകുന്നതിനായി മനീഷ് വാഷിംഗ്‌മെഷീനിൽ ഇട്ടിരുന്നു. ഇത് മനീഷിന്റെ വീട്ടിൽ നിന്നും പൊലീസ് അപ്രതീക്ഷിതമായി കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് തലയണയുറയിൽ പുരണ്ട രക്തം നിഷയുടേതാണെന്ന് സ്ഥിരീകരിച്ചത്.
ഉന്നത നിയമനം ലഭിച്ച നിഷ തന്റെ സർവീസ് ബുക്കിലെയോ ഇൻഷുറൻസിന്റേയോ ബാങ്ക് അക്കൗണ്ടിന്റേയോ നോമിനിയായി ചേർക്കാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പണത്തിന് വേണ്ടി മനീഷ് നിഷയെ ഉപദ്രവിച്ചിരുന്നുവെന്ന സഹോദരി നിലിമയുടെ മൊഴിയാണ് കേസന്വേഷണത്തിൽ നിർണായകമായത്.തന്റെ സഹോദരിക്ക് ഒരു അസുഖവും ഇല്ലായിരുന്നുവെന്നും പണത്തിന് വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് നിഷ പറഞ്ഞിട്ടുണ്ടെന്നും സഹോദരി മൊഴി നൽകി. വീട്ടിലെ ജോലിക്കാരെപ്പോലും നിഷയുടെ മുറിയിൽ പ്രവേശിക്കാൻ മനീഷ് അനുവദിച്ചില്ലെന്നും സഹോദരി പൊലീസിനെ അറിയിച്ചു.
ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് മനീഷും നിഷയും പരിചയപ്പെട്ടത്. ഇവർ തമ്മിൽ 2020ൽ വിവാഹിതരായി. അടുത്ത ബന്ധുക്കളായ തങ്ങളെപ്പോലും വിവാഹക്കാര്യം അറിയിച്ചിരുന്നില്ലെന്നും നിലിമ പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മനീഷിനെ അറസ്റ്റ് ചെയ്തത്.